ഉണ്ണികുളത്ത് വില്ലനായത് വാതക പൈപ്പ് ലൈനും
text_fieldsഎകരൂൽ: സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഭാഗമായി നിരവധി ഗ്രാമീണ റോഡുകൾ പൊളിച്ചിട്ടതോടെ ഉണ്ണികുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ യാത്ര ദുഷ്കരമായി. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റെ പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമീണ റോഡുകൾ പൊളിച്ചത്. കുഴിയെടുത്ത ഭാഗങ്ങൾ നല്ലരീതിയിൽ മൂടി പൂർവസ്ഥിതിയിലാക്കാത്തതാണ് പ്രശ്നമാവുന്നത്.
പൂനൂർ-ചേപ്പാല-പൈക്കാപ്രംകണ്ടി റോഡ് പൊളിച്ചിട്ട് മാസങ്ങളായെങ്കിലും ഇതുവരെ കുഴി നികത്തി പൂർവസ്ഥിതിയിലാക്കിയിട്ടില്ല. മഴ പെയ്തതോടെ കുഴിയിലെ മണ്ണ് താഴുകയും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുകയും ചെയ്യുകയാണ്. ക്വാറി മാലിന്യം ഇറക്കി ഏതാനും ഭാഗങ്ങളിൽ കുഴി നികത്തുന്നുണ്ടെങ്കിലും മഴ പെയ്തതോടെ വീണ്ടും കുഴി രൂപപ്പെടുകയാണ്. കപ്പുറം-പടിഞ്ഞാറെക്കണ്ടി റോഡ് മാസങ്ങളായി പൊളിച്ചിട്ടിരിക്കുകയാണ്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മണ്ണിട്ട് നികത്തിയെങ്കിലും വാഹനങ്ങൾ അരികിലൂടെ പോകുമ്പോൾ മണ്ണിൽ താഴ്ന്ന് അപകടത്തിൽപെടുന്നുണ്ട്. വട്ടോളി ബസാർ-കരിയാത്തൻകാവ് റോഡ് ഒരു ഭാഗം ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാനും മറുഭാഗം ജൽജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനും പൊളിച്ചിട്ടുണ്ട്. ഈ റോഡിൽ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കുഴികാണാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. മൂഴിയോട്ട്-കപ്പുറം റോഡ്, തേനാക്കുഴി-കപ്പുറം റോഡ് എന്നീ ഗ്രാമീണ റോഡുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. നോക്കുഴി-കപ്പുറം റോഡിലെ ചളി നിറഞ്ഞ ഭാഗത്ത് ക്വാറി മാലിന്യം നിരത്തിയെങ്കിലും പലഭാഗത്തും പൂർണമായി ഇടാത്തതിനാൽ ചളിവെള്ളം കെട്ടിക്കിടക്കുകയാണ്. കുഴിയുടെ ആഴമറിയാതെ ചളിവെള്ളത്തിലൂടെ വാഹനം ഓടിക്കുമ്പോൾ അപകടത്തിൽപെടുന്നത് പതിവാണ്.
കാന്തപുരം ഭാഗത്ത് ഹൈസ്കൂൾമുക്ക് മുതൽ മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലൂടെയുള്ള റോഡും പൂർവസ്ഥിതിയിലാക്കാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ താഴ്ന്ന് അപകടത്തിൽപെടുന്നതായി പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.