ഉണ്ണികുളം വനിത സംഘം തട്ടിപ്പ്: മുന്‍ സെക്രട്ടറി അറസ്റ്റിൽ
text_fieldsഎകരൂൽ: ഇയ്യാട് പ്രവർത്തിക്കുന്ന ഉണ്ണികുളം വനിത സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ സംഘം മുന്‍ സെക്രട്ടറി പടിക്കൽ കണ്ടി പി.കെ. ബിന്ദുവിനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ മാസങ്ങൾക്കുമുമ്പ് ഭരണസമിതി സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട്, ഒളിവിലായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിന്ദു വീട്ടിലെത്തിയ വിവരം പൊലീസ് മനസ്സിലാക്കിയത്.
വടകര റൂറൽ എസ്.പിയുടെ നിർദേശപ്രകാരം ബാലുശ്ശേരി എസ്.എച്ച്.ഒ ടി.പി. ദിനേശിന്റെയും എസ്.ഐ എം. സുജിലേഷിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 32 വർഷത്തോളമായി കോൺഗ്രസ് ഭരണത്തിലുള്ള വനിത സൊസൈറ്റിയിൽ സെക്രട്ടറിയായി ജോലി ചെയ്ത പി.കെ. ബിന്ദു 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ആരോപണം. സൊസൈറ്റി അധികൃതരും നിക്ഷേപകരും മാസങ്ങൾക്കുമുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. നിക്ഷേപകരായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രതിയെ ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച പണം തിരികെ കിട്ടാതെയും വായ്പയെടുക്കാതെ കടക്കെണിയിൽ കുടുങ്ങിയും തട്ടിപ്പിനിരയായ നിരവധി നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയിരുന്നു. 1000 രൂപ മുതൽ 25 ലക്ഷം രൂപ വരെ നിക്ഷേപിച്ച് പണം തിരികെ ലഭിക്കാതെ കടക്കെണിയിലായ നിരവധി നിക്ഷേപകരാണ് സംഘം ഓഫിസിൽ കയറിയിറങ്ങുന്നത്.
1992ലാണ് ഉണ്ണികുളം വനിത സഹകരണ സംഘം പ്രവർത്തനം തുടങ്ങിയത്. 32 വർഷമായി കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സൊസൈറ്റിയുടെ ഭരണം നടത്തുന്നത്. തുടക്കം മുതൽ പി.കെ. ബിന്ദുവായിരുന്നു സംഘം സെക്രട്ടറി.
സൊസൈറ്റിയുടെ കീഴിൽ പേപ്പർ ബാഗ് നിർമാണം, തുണിസഞ്ചി നിർമാണം തുടങ്ങിയ സംരംഭങ്ങളെല്ലാം തട്ടിപ്പ് പുറത്തുവന്നതോടെ നിലച്ചു. 30ഓളം വനിത ജീവനക്കാരും ജോലിയില്ലാതെ പ്രതിസന്ധിയിലായി. ഇടപാടുകാരുടെ രേഖകൾ അനധികൃതമായി ഉപയോഗിച്ച് വായ്പ തട്ടിപ്പും സാമ്പത്തിക തിരിമറിയും നടത്തിയെന്നാണ് പി.കെ. ബിന്ദുവിനെതിരെ ഭരണസമിതി ഉന്നയിക്കുന്ന ആരോപണം. ഫണ്ട് തിരിമറിയെ തുടർന്ന് സസ്പെൻഷനിലായ സെക്രട്ടറിക്കെതിരെ ഭരണസമിതി സഹകരണ വകുപ്പിലും പൊലീസിലും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു.
നിക്ഷേപകരുടെ ആശങ്ക അവസാനിക്കുന്നില്ല
എകരൂൽ: ഉണ്ണികുളം വനിത സഹകരണ സംഘം മുൻ സെക്രട്ടറി പി.കെ. ബിന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും നിക്ഷേപകരുടെ ആശങ്കക്ക് വിരാമമായില്ല. അറസ്റ്റ് വിവരമറിഞ്ഞ് നിരവധി നിക്ഷേപകരും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി. സംഘത്തിൽ കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തിയതോടെ നൂറുകണക്കിന് നിക്ഷേപകർ ആശങ്കയിലായിരുന്നു.
മാസങ്ങളായി നീണ്ട പ്രതിസന്ധിക്കിടെയാണ് ആരോപണ വിധേയയായ സംഘം മുൻ സെക്രട്ടറി പി.കെ. ബിന്ധുവിനെ ബുധനാഴ്ച ഉച്ചയോടെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാത്തതിനാൽ ആറുമാസത്തിനിടെ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും ഇവിടെ അരങ്ങേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.