ഉണ്ണികുളം വനിത സഹകരണ സംഘം സാമ്പത്തിക തിരിമറി; കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ
text_fieldsഎകരൂൽ: ഇയ്യാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉണ്ണികുളം വനിത സഹകരണ സംഘത്തിൽ സെക്രട്ടറി പി.കെ. ബിന്ദുവിനെതിരെ ഉയർന്ന സാമ്പത്തിക തിരിമറി ആരോപണത്തിൽ പ്രതിസന്ധിയിലായി കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ 32 വർഷമായി കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സഹകരണ സംഘം ഭരിക്കുന്നത്. സാമ്പത്തിക തിരിമറി നടന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നതിന് തെളിവ് പുറത്തുവന്നതോടെ ആരോപണ വിധേയയായ സെക്രട്ടറി പി.കെ. ബിന്ദുവിനെ മാസങ്ങൾക്കുമുമ്പ് ഭരണസമിതി സസ്പെൻഡ് ചെയ്തിരുന്നു.
ബാങ്ക് ഇടപാടുകാരുടെ രേഖകൾ അനധികൃതമായി ഉപയോഗിച്ച് വായ്പ തട്ടിപ്പും സാമ്പത്തിക തിരിമറിയും നടത്തിയെന്നാണ് ദീർഘകാലം സെക്രട്ടറിയായിരുന്ന പി.കെ. ബിന്ദുവിനെതിരെ ഭരണസമിതി ഉന്നയിക്കുന്ന ആരോപണം. ഫണ്ട് തിരിമറിയെ തുടർന്ന് സസ്പെൻഷനിലായ സെക്രട്ടറിക്കെതിരെ ഭരണസമിതി സഹകരണ വകുപ്പിലും പൊലീസിലും പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് സ്ഥാപനത്തിൽ പരിശോധന നടത്തുകയാണ്. സ്ഥാപനത്തിൽ ഏഴു കോടിയിലധികം രൂപയുടെ തിരിമറി നടന്നിട്ടുണ്ട് എന്നാണ് വിവരം. ക്രമരഹിതമായി പലരുടെയും പേരിൽ വായ്പയെടുത്തും എഫ്.ഡി നിക്ഷേപകരുടെ പേരിൽ അവരറിയാതെ ലോണെടുത്തുമാണ് കൂടുതൽ തട്ടിപ്പ് നടത്തിയത്. ആരോപണ വിധേയയായ സെക്രട്ടറിയെ വിഷയം ചർച്ച ചെയ്യാൻ ഭരണസമിതി പലതവണ വിളിപ്പിച്ചെങ്കിലും ഹാജരായില്ല എന്നാണ് അറിയുന്നത്.
ആരോപണം ഉയർന്നതോടെ ഇവർ ഒളിവിൽ പോയതാണെന്നും പറയുന്നു. ഒരുകാലത്ത് ജില്ലയിലെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന വനിത സഹകരണ സംഘമെന്ന് ഖ്യാതി നേടിയ സ്ഥാപനത്തിലെ അഴിമതി ആരോപണം പ്രതിസന്ധിയിലാക്കിയത് വർഷങ്ങളോളം ഭരണം നടത്തിയ കോൺഗ്രസിനെയാണ്. തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും കോൺഗ്രസ് പ്രവർത്തകരാണ് എന്നതാണ് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കാൻ കാരണം.
തട്ടിപ്പിനെതിരെ പ്രതിഷേധ സമരവുമായി ആദ്യമായി രംഗത്ത് വന്നത് ബി.ജെ.പിയാണ്. കഴിഞ്ഞദിവസം ബി.ജെ.പി നടത്തിയ പ്രതിഷേധ ധർണയിൽ തട്ടിപ്പിന്നരിയായ ഏതാനും കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തത് പാർട്ടി നേതൃത്വത്തിൽ ചർച്ചയായിട്ടുണ്ട്.
എന്നും കോൺഗ്രസിനൊപ്പം നിന്ന സ്ഥാപനത്തെ ഈ രീതിയിൽ എത്തിച്ചതിന് കോൺഗ്രസ് നേതൃത്വംനൽകുന്ന ഭരണസമിതിക്ക് ഉത്തരവാദിത്തമില്ലേ എന്നാണ് തട്ടിപ്പിന്നിരയായവരും പാർട്ടി പ്രവർത്തകരും ചോദിക്കുന്നത്. ഇത് തന്നെയാണ് നേതൃത്വത്തെയും പ്രതിസന്ധിയിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.