കാട്ടുപന്നി ആക്രമണം; നാലുപേർക്ക് പരിക്ക്
text_fieldsഎകരൂൽ: ഉണ്ണികുളം പഞ്ചായത്തിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. വള്ളിയോത്ത് വാർഡ് 15ലും മങ്ങാട് ഭാഗത്ത് വാർഡ് 16 ലുമാണ് ശനിയാഴ്ച രാവിലെ അരമണിക്കൂർ ഇടവേളകളിൽ പന്നിയുടെ ആക്രമണമുണ്ടായത്.
രാവിലെ എട്ടിന് മങ്ങാട് കൊന്നക്കൽ ഹനീഫയെയാണ് (42) പന്നി കുത്തി പരിക്കേൽപ്പിച്ചത്. കർഷകനായ ഹനീഫ കൊന്നക്കൽ പള്ളിയുടെ അടുത്തുള്ള വയലിൽ വാഴത്തോട്ടത്തിൽ കൃഷിപ്പണി ചെയ്യുമ്പോഴാണ് പിറകിലൂടെ വന്ന കാട്ടുപന്നി ആക്രമിച്ചത്. ബഹളം കേട്ട് അയൽവാസി അബ്ദുറഹീം ഓടിയെത്തുമ്പോഴേക്കും പന്നി ഓടി മറഞ്ഞു. അരക്കെട്ടിന് മുകളിൽ പിറകുവശത്ത് ഗുരുതര പരിക്കേറ്റ ഹനീഫയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വള്ളിയോത്ത് ആനപ്പാറ ഭാഗത്ത് രാവിലെ എട്ടരയോടെ കുറുമ്പ്രാരിമ്മൽ ജസീലിന്റെ വീട്ടുമുറ്റത്തെത്തിയ പന്നിയുടെ ആക്രമണത്തിൽ ജസീലിന്റെ ഭാര്യ ഷമീമക്കാണ് (37) ആദ്യം കുത്തേറ്റത്. നിലവിളി കേട്ട് അടുക്കളയിൽനിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ വാതിലിനടുത്തുവെച്ച് ഇവരുടെ വലിയുമ്മ ഫാത്തിമയെയും (68) ആക്രമിച്ചു. ഫാത്തിമക്ക് ഇടത് കൈക്കും ഷമീമക്ക് പുറത്തും വാരിയെല്ലിനും വീഴ്ചയിൽ തലക്കും പരിക്കേറ്റു. ഇരുവരേയും ബാലുശ്ശേരി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാന്തപുരം തടായിൽ സ്വദേശി അബ്ദുല്ലക്കുട്ടി ആണ് പരിക്കേറ്റ നാലമത്തെയാൾ. ലോറി ഡ്രൈവറായ ഇദ്ദേഹം വാഹനം നിർത്തി വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു പന്നിയുടെ ആക്രമണം.
തൊട്ടടുത്ത പ്രദേശങ്ങളിൽ ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണം ജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ട്. ഒരേ പന്നി തന്നെയാണ് തൊട്ടടുത്ത രണ്ടു പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയത് എന്ന് ജനങ്ങൾ സംശയം പ്രകടിപ്പിച്ചു.
പകലിൽ പന്നിയിറങ്ങിയതിനെ തുടർന്ന് കുട്ടികളെ ഒറ്റക്ക് മദ്റസയിലും സ്കൂളിലും അയക്കാൻ രക്ഷിതാക്കൾ മടിക്കുകയാണ്. ഉണ്ണികുളം പഞ്ചായത്തിൽ കഴിഞ്ഞ ഏതാനും മാസമായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. പഞ്ചായത്തിലെ കർഷകരും വലഞ്ഞിരിക്കുകയാണ്. വാഴ, കപ്പ, ചേന, ഇഞ്ചി, മഞ്ഞൾ, തെങ്ങിൻ തൈ തുടങ്ങിയവ പന്നിക്കൂട്ടം കുത്തിയിളക്കി നശിപ്പിക്കുന്നത് പതിവാണ്.
കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
എകരൂൽ: ആക്രമണകാരിയായ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കാന്തപുരം കൊല്ലോന്നുമ്മല്‍ നഫീസയുടെ കിണറ്റില്‍ വീണ കാട്ടുപന്നിയെയാണ് വനം വകുപ്പിന്റെ എംപാനല്‍ ഷൂട്ടര്‍ ഞേറപ്പൊയില്‍ ശുക്കൂര്‍ വെടിവെച്ചുകൊന്നത്.
ശനിയാഴ്ച രാവിലെ പന്നിയുടെ ആക്രമണത്തില്‍ നാലുപേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതിനുശേഷം അലക്ഷ്യമായി ഓടിയ പന്നി കാന്തപുരത്ത് കിണറ്റില്‍ വീഴുകയായിരുന്നു. വാര്‍ഡ് മെംബര്‍ കെ.കെ. അബ്ദുല്ല മാസ്റ്റർ വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി വനം വകുപ്പ് ആര്‍.ആര്‍.ടി അംഗങ്ങളായ ജിനൂപ്, ദേവാനന്ദന്‍, അബ്ദുല്‍ നാസര്‍, മുരളീധരന്‍, സതീശന്‍ എന്നിവരും കക്കയം ഫോറസ്റ്റ് ഓഫിസിലെ ബി.എഫ്.ഒ എ.എം. ഷാനി, എസ്.എഫ്.ഒ ശൈരാജ് എന്നിവരുടെ നേതൃത്വത്തില്‍ എംപാനല്‍ ഷൂട്ടറും സ്ഥലത്തെത്തി വെടിവെച്ചു കൊല്ലുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.