പാറ വീഴാൻ കാരണം സിറ്റി ഗ്യാസ് സ്റ്റേഷന്റെ അശാസ്ത്രീയ നിര്മാണമെന്ന് യൂത്ത് കോൺഗ്രസ്
text_fieldsഎകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡിന്റെ സിറ്റി ഗേറ്റ് സ്റ്റേഷന് പിന്നിലുള്ള തെങ്ങിനു കുന്ന് മലയിൽ മണ്ണിടിച്ചിലിനും തുടർന്ന് കൂറ്റൻ പാറ താഴേക്ക് പതിക്കാനും ഇടയാക്കിയ സംഭവം അധികൃതരുടെ അശാസ്ത്രീയ നിര്മാണം മൂലമാണെന്ന് യൂത്ത് കോൺഗ്രസ്.
അശാസ്ത്രീയമായി കംപ്രസർ ഉപയോഗിച്ച് പാറ പൊട്ടിച്ചതും മണ്ണുമാറ്റിയതുമാണ് പ്രദേശത്ത് മണ്ണിടിച്ചിലിനും പാറ താഴോട്ട് പതിക്കാനും ഇടയാക്കിയത്. 2021 ൽ ചെങ്കുത്തായ മലയുടെ താഴ്ഭാഗത്ത് പാറപൊട്ടിക്കുന്നതിനായി നിരവധി സ്ഫോടനങ്ങള് നടത്തിയിരുന്നു.
ഇപ്പോൾ നിലംപതിച്ച കൂറ്റൻ പാറ വീണ്ടും കംപ്രസർ ഉപയോഗിച്ച് പൊട്ടിക്കുകയാണ്. കംപ്രസർ ഉപയോഗിക്കുമ്പോഴുള്ള പ്രകമ്പനം നിമിത്തം വീണ്ടും പാറ താഴേക്ക് പതിക്കാൻ സാധ്യത ഏറെയാണെന്നും സ്ഥലം സന്ദർശിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്കയകറ്റാൻ നടപടി ഉണ്ടാവണം.
നിർമാണ ഘട്ടത്തിൽ നാട്ടുകാരും രാഷ്ട്രീയ പാർട്ടി നേതാക്കളും ആശങ്ക അറിയിച്ചിരുന്നെങ്കിലും അധികൃതർ നിർമാണത്തിന് അനുമതി നൽകുകയായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, രജീഷ് ശിവപുരം, അതുൽ പുറക്കാട്, അഭിജിത്ത് ഉണ്ണികുളം, കെ.എം. രബിന് ലാൽ, ശ്രീധരൻ മലയിൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
ജനങ്ങളുടെ ആശങ്കയകറ്റാൻ നടപടി ആവശ്യപ്പെട്ട് ശിവപുരം വില്ലേജ് ഓഫിസറെയും നേതാക്കൾ സന്ദർശിച്ചു. ജില്ല ഖനന, ഭൂഗർഭ വിഭാഗം ഉദ്യോഗസ്ഥർ കുന്നിൻ മുകളിലെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.