എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോ; ആശങ്കയിൽ പ്രദേശവാസികൾ
text_fieldsകോഴിക്കോട്: ട്രെയിൻ തീവെപ്പ് ആക്രമണത്തോടെ എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി പരിസരവാസികൾ ആശങ്കയിൽ. അഞ്ചു ജില്ലകളിലേക്ക് ഇന്ധനം വിതരണംചെയ്യുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഡിപ്പോയുടെ സുരക്ഷയാണ് ആശങ്കപ്പെടുത്തുന്നത്.
ഒന്നരമാസം മുമ്പ് എലത്തൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ തീപിടിത്തമുണ്ടായത് ആശങ്കയേറ്റുന്നു. ജനവാസകേന്ദ്രത്തിൽനിന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരം എലത്തൂർ ജനകീയ സംരക്ഷണ കൂട്ടായ്മ നടത്തിയത് സുരക്ഷ പശ്ചാത്തലത്തിലായിരുന്നു.
വാഗണുകളിലെത്തിക്കുന്ന ഇന്ധനം സംഭരണിയിലേക്ക് മാറ്റുമ്പോൾ പുറത്തേക്ക് ഉറ്റിവീഴുന്നതായാണ് നാട്ടുകാരുടെ പരാതി. ഒലിച്ചിറങ്ങുന്ന ഇന്ധനത്തിലേക്ക് തീപടർന്നാൽ ദുരന്തമുറപ്പാണ്. ആറു മീറ്ററിലേറെ താഴ്ചയുള്ള ഭൂഗർഭ സംഭരണികളും മറ്റു രണ്ടു സംഭരണികളുമാണ് ഡിപ്പോയിലുള്ളത്. ദേശീയപാതക്കും പാളത്തിനുമിടയിലായി 75 മീറ്ററോളം വീതിയിലാണ് ഡിപ്പോ. സുരക്ഷാപ്രശ്നങ്ങളൊന്നും നിലവിലില്ലെന്ന് ഡിപ്പോ അധികൃതർ പറയുന്നു.
കമ്പനി ഇവിടെനിന്ന് മാറ്റിസ്ഥാപിക്കാമെന്ന് ജനങ്ങൾക്ക് കൊടുത്ത വാക്കു പാലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ കോഴിക്കോട് കോർപറേഷൻ സെക്രട്ടറി, മുഖ്യമന്ത്രി, പ്രധാനമന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് കൊടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ജില്ല കോടതിയിൽ ജനകീയ സംരക്ഷണ കൂട്ടായ്മ കേസ് നടത്തുന്നുമുണ്ട്. കമ്പനി മാറ്റിസ്ഥാപിക്കാത്തപക്ഷം എലത്തൂർ ജനകീയ സംരക്ഷണ കൂട്ടായ്മ വിപുലമായ സമരം നടത്തുമെന്ന് വൈസ് പ്രസിഡന്റ് ദിലീപ് എലത്തൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.