തെരഞ്ഞെടുപ്പ് തോൽവി; നേതൃത്വത്തിനെതിരെ ‘പരസ്യ പ്രതിഷേധം’ വിലക്കി സി.പി.എം
text_fieldsകോഴിക്കോട്: വടകര, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ പ്രവർത്തകർ നേതൃത്വത്തിനെതിരെ തുടരുന്ന ‘പരസ്യ പ്രതിഷേധ’ത്തിന് വിലക്കേർപ്പെടുത്തി സി.പി.എം. കഴിവുതെളിയിച്ച മുൻ വ്യവസായ, ആരോഗ്യ മന്ത്രിമാരും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായ എളമരം കരീമിന്റെയും കെ.കെ. ശൈലജയുടെയും കനത്ത തോൽവി പ്രവർത്തകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
മാത്രമല്ല എതിർസ്ഥാനാർഥികളായ എം.കെ. രാഘവനും ഷാഫി പറമ്പിലും 1.46 ലക്ഷവും 1.14 ലക്ഷവും വീതം ഭൂരിപക്ഷം നേടുകകൂടി ചെയ്തതോടെയാണ് പ്രവർത്തകരിലെയും പാർട്ടി അംഗങ്ങളിലെയും ഒരു വിഭാഗം നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. നേതാക്കളുടെ തലക്കനം, ധാർഷ്ട്യം തുടങ്ങിയ നിലപാടുകൾ വലിയ തിരിച്ചടിയായെന്നാണ് പാർട്ടി അംഗങ്ങൾ ഫെയ്സ്ബുക്കിലും വാട്സ്ആപ് ഗ്രൂപ്പുകളിലും പങ്കുവെച്ചത്.
മാത്രമല്ല നേതാക്കളുടെ ജനകീയത നഷ്ടമായെന്നും ഇതാണ് വലിയ പരാജയമുണ്ടാക്കിയതെന്നും പലരും കുറ്റപ്പെടുത്തി. ബൂത്ത് കമ്മിറ്റികളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലടക്കം നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്.
പലരും വിമർശന പരിധി അതിരുകടന്നതോടെയാണ് ലോക്കൽ സെക്രട്ടറിമാർതന്നെ നേരിട്ടിടപെട്ട് വിമർശനങ്ങൾ പാർട്ടി വേദിയിൽ ചർച്ച ചെയ്യുകയാണ് വേണ്ടതെന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കി എതിരാളികൾക്കും മാധ്യമങ്ങൾക്കും പാർട്ടിയെ തല്ലാനുള്ള വടിയിട്ടുകൊടുക്കരുതെന്നും നിർദേശിച്ചത്. ഇക്കാര്യങ്ങൾ വിശദീകരിക്കാനായി ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും പാർട്ടി അംഗങ്ങളുടെയും പ്രത്യേക യോഗം വരെ പലയിടത്തും ചേർന്നിട്ടുണ്ട്.
തോൽവിക്കു പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തുവന്ന പ്രവർത്തകരെ അടക്കിനിർത്താൻ ‘സൈബർ സഖാക്കളും’ രംഗത്തുണ്ട്. വാട്സ്ആപ് ഗ്രൂപ്പുകൾ, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രം തുടങ്ങിയവയിൽ വിമർശനമുന്നയിക്കുന്നവരെ ‘മിണ്ടാതാക്കലാണ്’ ഇവരുടെ പ്രവർത്തനം. വിമർശനങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന പോസ്റ്ററുകളും കുറിപ്പുകളും പരമാവധി ഷെയർ ചെയ്യുകയാണിവർ.
തോൽവിയുടെ പേരിൽ സി.പി.എമ്മിന് ക്ലാസെടുക്കാൻ വരുന്നവർ വിമർശനം ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും ഇടുന്നതിനു പകരം നിർദേശം പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് അയക്കണം എന്നുപറഞ്ഞ് എ.കെ.ജി സെന്ററിൽ വിലാസം ഷെയർ ചെയ്ത് പരിഹസിച്ചും തോറ്റാലും ഉയിർത്തെഴുന്നേൽക്കുമെന്ന ഇ.എം.എസിന്റെയും ഇ.കെ. നായനാരുടെയും വചനങ്ങൾ ഷെയർ ചെയ്തുമാണ് പ്രതിരോധം തീർക്കുന്നത്.
അതേസമയം, പാർട്ടി 19 സീറ്റിൽ തോറ്റതിനെ കുറിച്ച് മിണ്ടാത്ത സൈബർ സഖാക്കൾ തൃശൂരിലെ ബി.ജെ.പി വിജയത്തിൽ മാത്രം ‘ഗവേഷണം’ നടത്തുന്നതിനെയും ചിലർ ചോദ്യം ചെയ്ത് രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.