തെരഞ്ഞെടുപ്പ് ജയം; കോൺഗ്രസ് നേതാക്കൾ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് വി.ഡി. സതീശൻ
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുന്നതിന് മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ള ഭാരവാഹികൾ താഴെത്തട്ടിൽ ജനസ്വാധീനമുറപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ലേക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തുന്നതിനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി ജാഥ വിജയകരമാക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി കോഴിക്കോട്ട് ചേർന്ന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഭാരവാഹികൾക്ക് വിവരിക്കുന്ന യോഗത്തിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മണ്ഡലം-ബ്ലോക്ക് പ്രസിഡന്റുമാർ, ഡി.സി.സി ഭാരവാഹികൾ, പോഷക സംഘടന ജില്ല പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഭാരവാഹിത്വം അലങ്കാരമാക്കിക്കൊണ്ടു നടക്കുന്നവർ ആ സ്ഥാനത്ത് ഇരിക്കില്ലെന്ന് സതീശൻ മുന്നറിയിപ്പു നൽകി. ബൂത്ത് തലം മുതൽ സംഘടന പ്രവർത്തനം ശക്തമാക്കണം. വീടുവീടാന്തരം കയറിയിറങ്ങി പാർട്ടി പ്രവർത്തനം സജീവമാക്കണം. ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് മാത്രമല്ല, ഭൂരിപക്ഷം വർധിപ്പിക്കുക എന്നതാവണം ലക്ഷ്യമെന്നും അദ്ദേഹം ഭാരവാഹികളെ ഓർമിപ്പിച്ചു.
സമരാഗ്നി ജാഥ ഫെബ്രുവരി 11ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. മൂന്നുമണിക്ക് വടകരയിലും അഞ്ചിന് കോഴിക്കോട്ടും സ്വീകരണം നൽകാൻ യോഗം തീരുമാനിച്ചു.
ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസ് നിർമാണത്തിനുള്ള ഫണ്ട് ശേഖരിക്കുന്നതിനായി ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മണ്ഡല പര്യടനം നടത്തും. 22ന് ആരംഭിച്ച് 30ന് സമാപിക്കും. ഫെബ്രുവരി നാലിന് തൃശൂരിൽ നടക്കുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ ഒരോ ബൂത്തിൽ നിന്നും ബൂത്ത് പ്രസിഡന്റ്, ബി.എൽ.എ, വനിത പ്രതിനിധി എന്നിവരെ പങ്കെടുപ്പിക്കാനും തീരുമാനമായി. ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. പി.എം. നിയാസ്, കെ. ജയന്ത്, എൻ. സുബ്രഹ്മണ്യൻ, കെ. ബാലനാരായൺ, ആലിപ്പറ്റ ജമീല, യു.വി. ദിനേശ് മണി, ചോലക്കൽ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.