ഇലക്ട്രിക് ഓട്ടോകളെ വീണ്ടും തടഞ്ഞു; സംഘർഷം
text_fieldsകോഴിക്കോട്: ഇലക്ട്രിക് ഓട്ടോകൾ നഗരത്തിൽ സർവിസ് നടത്തുന്നതിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ സംഘർഷത്തിന് കാരണമായി.
രോഗികളുൾപ്പെടെ യാത്രക്കാർ പ്രതിഷേധത്തിനിടയിൽ പെട്ടു. ഇലക്ട്രിക് ഓട്ടോക്കാർക്ക് സംരക്ഷണം നൽകാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. രാവിലെ പത്തരയോടെ തുടങ്ങിയ സമരം ഉച്ചക്ക് രണ്ടു മണി വരെ നീണ്ടു.
പ്രതിഷേധത്തെ തുടർന്ന് വിവിധ ഓട്ടോതൊഴിലാളി യൂനിയൻ പ്രതിനിധികളുമായി ട്രാഫിക് അസി. കമീഷണർ ബിജുരാജ് ചർച്ച നടത്തി. നിലവിൽ നഗരത്തിൽ നടത്തുന്ന സാധാരണ ഓട്ടോകൾക്ക് അനുവദിച്ച പോലെ സി.സി പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനമായി.
ജനുവരി പത്തിനകം ഇതിനുള്ള നടപടികൾ പൂർത്തിയാവും. അതു കഴിഞ്ഞ് നഗരത്തിൽ മറ്റു ഓട്ടോകളോടൊപ്പം സർവിസ് നടത്താൻ അനുവദിക്കുമെന്ന ഉറപ്പിൽ തൽക്കാലം പ്രശ്നം അവസാനിച്ചു.
ഇലക്ട്രിക് ഓട്ടോകളെ ലൈനിൽ പാർക്ക് ചെയ്ത് സർവിസ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എ.ഐ.ടി.യു.സി ,ഐ.എൻ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സംഘർഷത്തിനിടയിൽ നടക്കാവ് സി.ഐ ബിശ്വാസിെൻറ കാലിൽ ഓട്ടോ കയറി.
പ്രതിഷേധത്തിെൻറ ഭാഗമായി മാവൂർ റോഡിൽ ഇരുവശവും ഓട്ടോകൾ നിർത്തിയിട്ടു. രണ്ടു തവണ തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി. സർക്കാറിെൻറ അംഗീകാരമുള്ള ഇലക്ട്രിക് ഓട്ടോകളെ തടയാനാവില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.
പല തവണ ഇലക്ട്രിക് ഓട്ടോകൾ നഗരത്തിൽ സർവിസ് നടത്താൻ ശ്രമം നടത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വരുകയായിരുന്നു. കഴിഞ്ഞ മാസം പൊലീസുമായി ഉണ്ടാക്കിയ ധാരണയെ തുടർന്നാണ് തിങ്കളാഴ്ച ഇലക്ട്രിക് ഓട്ടോകൾ വീണ്ടും നഗരത്തിൽ സർവിസ് നടത്താൻ എത്തിയത്. എഴുപതോളം ഓട്ടോകളാണ് ഈ വിഭാഗത്തിൽ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.