ദേശീയപാത വികസനം; എലിവേറ്റഡ് ഹൈവേ കൂട്ടായ വിജയമെന്ന്
text_fieldsവടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകര പട്ടണത്തെ രണ്ടായി മുറിക്കാതെ അടക്കാതെരു മുതൽ നാരായണ നഗരം സ്റ്റേഡിയം വരെ ഉയര എലിവേറ്റഡ് ഹൈവേ (മേൽപാത) നിർമിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനം നഗരസഭ കൗൺസിൽ കൂട്ടായി നടത്തിയ പരിശ്രമത്തിന്റെ വിജയമാണെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു കൗൺസിൽ യോഗത്തിൽ പറഞ്ഞു.
കൂട്ടായ വിജയത്തിന് പ്രവർത്തിച്ച നഗരസഭ കൗൺസിൽ അംഗങ്ങളുടെ ഫോട്ടോ സഹിതം 47 വാർഡുകളിലും ഫ്ലക്സ് സ്ഥാപിക്കണമെന്ന ചെയർപേഴ്സന്റെ നിർദേശത്തെ പ്രതിപക്ഷ നേതാവ് വി.കെ. അസീസ് ചോദ്യം ചെയ്തു. സ്ഥലം എം.പി, എം.എൽ.എ, ചെയർപേഴ്സൺ എന്നിവരുടെ ഫോട്ടോ സഹിതമാണ് ഫ്ലക്സ് സ്ഥാപിക്കേണ്ടതെന്നും അവരുടെ പ്രവർത്തനത്തെ കുറച്ചു കാണരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 2021 മേയ് 31ന് ചേർന്ന കൗൺസിൽ യോഗമാണ് മേൽപാത വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രമേയം അംഗീകരിച്ചത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തിയായ ഘട്ടത്തിലാണ് നഗരസഭ ആവശ്യം മുന്നോട്ടുവെച്ചത്. ഇത് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. വടകര എം.പി, എം.എൽ.എ എന്നിവരുമായി വിഷയം ചർച്ചചെയ്തപ്പോൾ അനുകൂല നിലപാടായിരുന്നു.
വടകര നഗരത്തെ ബാധിക്കുന്ന വലിയൊരു പ്രശ്നമെന്ന നിലയിൽ നഗരസഭ നേരിട്ട് മേൽപാതക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. 2021 ഒക്ടോബർ 12 ന് ആദ്യ മെയിൽ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് അയച്ചു. വടകരയിലെ വിരമിച്ച എൻജിനീയർമാരുടെ കൂട്ടായ്മ ഈ വിഷയത്തിൽ പഠനം നടത്തുകയും കണ്ടെത്തലുകൾ കൗൺസിലർമാർ മുമ്പാകെ അവതരിപ്പിച്ച് ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാറിലും വകുപ്പ് മന്ത്രിയോടും പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തു. നഗരസഭ ചെയർപേഴ്സൺ നേരിട്ട് ഡൽഹിയിൽ എത്തി മന്ത്രി നിധിൻ ഗഡ്കരിക്ക് നിവേദനം നൽകി. നിരന്തരമായ ഇടപെടൽ ഉദ്യോഗസ്ഥതലത്തിലും നടത്തിയതോടെയാണ് അടക്കാതെരു മുതൽ നാരായണ നഗരം സ്റ്റേഡിയം വരെ ഏകദേശം 900 മീറ്ററിൽ മേൽപാത ദേശീയപാത അതോറിറ്റി അംഗീകരിച്ച് വിവരം നഗരസഭയെ അറിയിച്ചതെന്ന് ചെയർപേഴ്സൺ പറഞ്ഞു. 190 കോടിയോളം രൂപ അധിക ചെലവ് വരുമെങ്കിലും വളരുന്ന വടകരക്ക് മേൽപാത ഒരു മുതൽകൂട്ടാണ്. യോഗത്തിൽ കൗൺസിലർമാരായ പി.കെ. സതീശൻ, എം. ബിജു, പി. സജീവ് കുമാർ, വി. അസീസ്, എ. പ്രേമകുമാരി തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.