ബൈപാസിൽ അവസാനിക്കാത്ത ഗതാഗതക്കുരുക്ക്; വലഞ്ഞ് ജനം
text_fieldsകോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസിൽ ഗതാഗതക്കുരുക്ക് പതിവായതോടെ വലഞ്ഞ് ജനം. അഴിഞ്ഞിലം, പന്തീരാങ്കാവ് ജങ്ഷനുകളിലും ഹൈലൈറ്റ് മാളിന് സമീപവുമാണ് സ്ഥിരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇതോടെ, അരമണിക്കൂർകൊണ്ട് സഞ്ചരിക്കേണ്ട ദൂരം പിന്നിടാൻ മണിക്കൂറുകളാണ് എടുക്കുന്നത്.
അഴിഞ്ഞിലം ജങ്ഷനിൽ നേരത്തെയും ഗതാഗതക്കുരുക്ക് പതിവായിരുന്നു. ദേശീയപാത വീതികൂട്ടുന്ന പ്രവൃത്തി ആരംഭിച്ചതോടെ സ്ഥിതി രൂക്ഷമായി. ഇവിടെ മേൽപാലം വരുന്നതിനാൽ ഒരുഭാഗത്ത് നിർമാണ പ്രവൃത്തിയും നടക്കുന്നുണ്ട്. അതിനാൽ റോഡിന്റെ വീതിയും കുറഞ്ഞു. ഫാറൂഖ് കോളജിലേക്കും കാരാടിലേക്കും ദേശീയപാതയിൽ നിന്നും തിരിയുന്നത് അഴിഞ്ഞിലത്തുനിന്നാണ്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളതിനാൽ ഫാറൂഖ് കോളജിലേക്ക് രാവിലെയും വൈകീട്ടും നിരവധി വാഹനങ്ങളുണ്ടാകും. ഈ തിരക്കുനീണ്ട് അറപ്പുഴ പാലത്തിലേക്ക് എത്തുന്നതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഇതിനകം വാഹനങ്ങളുടെ നിര മൂന്നും നാലുമായി വർധിച്ചിട്ടുണ്ടാകും. എന്നാൽ, പാലത്തിൽ ഒരേസമയം ഇരുവശത്തേക്കും ഓരോ വാഹനങ്ങൾക്കുമാത്രമേ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.
ഇതിനൊപ്പം എതിർദിശയിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കാത്ത രീതിയിൽ ചില വാഹനങ്ങൾ നിരതെറ്റി കയറ്റുകയും ചെയ്യുന്നത് പ്രശ്നം രൂക്ഷമാക്കുന്നു. പലപ്പോഴും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിലേക്ക് നയിക്കുന്നതും തെറ്റായ ഡ്രൈവിങ് രീതിയാണ്. നിരതെറ്റിച്ച് വാഹനമോടിക്കുന്നതാണ് പ്രധാന പ്രശ്നം.
ഗതാഗത നിയന്ത്രണത്തിന് മുഴുവൻ സമയവും പൊലീസിനെ ലഭിക്കുന്നുമില്ല. പൊലീസുള്ള സമയങ്ങളിൽ പ്രശ്നം വേഗം പരിഹരിക്കാൻ സാധിക്കുന്നുണ്ട്. സമാനമായ അവസ്ഥയാണ് പന്തീരാങ്കാവ് ജങ്ഷനിലും. ഹൈലൈറ്റ് ജങ്ഷനിൽ എല്ലാ അവധി ദിനങ്ങളിലും ഗതാഗതക്കുരുക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.