പകർച്ചവ്യാധി: പരിശോധനയിൽ കടകൾക്ക് നോട്ടീസ്
text_fieldsകോഴിക്കോട്: പകർച്ചവ്യാധികൾ വർധിച്ച സാഹചര്യത്തിൽ അടിയന്തര നടപടികളുമായി കോർപറേഷൻ ആരോഗ്യവിഭാഗം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച നടന്ന പരിശോധനയിൽ മൂന്നുകടകൾക്ക് നോട്ടീസ് നൽകി.
നഗരത്തിൽ ഹോട്ടലുകളിലെ കുടിവെള്ളം സർക്കാർ ലാബുകളിൽ പരിശോധിച്ച് ഉപയോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശം നൽകിയ അധികൃതർ ഐസ് ഉപയോഗിച്ചുണ്ടാക്കുന്ന ചുരണ്ടിയ ഐസ് പോലുള്ള ഭക്ഷണസാധനങ്ങൾ ജൂൺ ഒന്നുവരെ നിരോധിച്ചു. സൗത്ത് ബീച്ച്, ഗോതീശ്വരം, പുഷ്പ ജങ്ഷൻ എന്നിവിടങ്ങളിലെ കടകൾക്കാണ് നോട്ടീസ് നൽകിയത്.
കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലെ തട്ടുകട, ഐസ് പ്ലാന്റ് എന്നിവ ക്ലീൻ സിറ്റി മാനേജർ കെ. പ്രമോദിന്റെ നേതൃത്വത്തിലാണ് പരിശോധിച്ചത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. പരിശോധനയിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷെജി എം.എസ് പങ്കാളിയായി.
ഐസ് ഉരതിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലും വഴിയോര അനധികൃത കച്ചവടങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഹെൽത്ത് ഓഫിസർ ഡോ. മുൻവർ റഹ്മാൻ അറിയിച്ചു.
ഹെൽത്ത് കാർഡ് നിർബന്ധമാക്കി
ഓപറേഷൻ കൂൾ എന്ന പേരിൽ ഐസ് ഫാക്ടറികളിലും വെള്ളം കൈകാര്യം ചെയ്യുന്ന ബോട്ടിലിങ് യൂനിറ്റ് അടക്കമുള്ള സ്ഥാപനങ്ങളിലും വ്യാഴാഴ്ച കോർപറേഷൻ ആരോഗ്യവിഭാഗം പരിശോധന നടത്തി. കോർപറേഷൻ പരിധിയിൽ ഭക്ഷണ, പാനീയ വിൽപനശാലകൾക്ക് കോർപറേഷൻ ഹെൽത്ത് ഓഫിസർ നൽകുന്ന ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ജീവനക്കാർ ആരോഗ്യവാന്മാരാണെന്നും പകർച്ച വ്യാധിയില്ലെന്നും ഉറപ്പാക്കുകയാണ് ലക്ഷ്യം.
മറ്റ് ഡോക്ടർമാർ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ കൃത്രിമം നടക്കുന്നതായി കണ്ടെത്തിയതിനാലാണ് ഹെൽത്ത് ഓഫിസറുടെതന്നെ കാർഡ് നിർബന്ധമാക്കിയത്. ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ കോർപറേഷൻ കൗൺസിലും തീരുമാനിച്ചിരുന്നു. അനധികൃത കരിമ്പ് ജ്യൂസ് അടക്കം വഴിയോരക്കച്ചവടങ്ങൾ കർശനമായി നിയന്ത്രിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.