പകർച്ചവ്യാധി പ്രതിരോധം: കോഴിക്കോട് മെഡിക്കൽ കോളജിന് പ്രത്യേക െഎസോലേഷൻ ബ്ലോക്ക്
text_fieldsകോഴിക്കോട്: കോവിഡും നിപയും അടക്കം പകർച്ചവ്യാധികൾ ബാധിച്ച മെഡിക്കൽ കോളജിന് ബജറ്റിൽ കൈത്താങ്ങ്.
പകർച്ച വ്യാധികൾ കൈകാര്യം ചെയ്യാൻ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകൾക്ക് പ്രത്യേക ഐസോലേഷൻ ബ്ലോക്ക് നിർമിക്കാനായി 25 കോടി രൂപ വീതമാണ് അനുവദിച്ചത്.
പ്രത്യേക ഐസോലേഷൻ ബ്ലോക്ക് എന്നാൽ മിനി ആശുപത്രി തന്നെയാകും. അവിടെ രോഗികളെ രോഗതീവ്രത അനുസരിച്ച് കൈകാര്യം ചെയ്യാനായി ട്രയാജിങ് സംവിധാനം ഒരുക്കണം. ബ്ലോക്കിലേക്ക് മാത്രമായി പ്രത്യേക കാഷ്വാലിറ്റി സംവിധാനവും അതോടനുബന്ധിച്ചുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കണം. രോഗികളെയും രോഗസംശയമുള്ളവരെയും ചികിത്സിപ്പിക്കാൻ പ്രത്യേക സൗകര്യങ്ങൾ വേണം.
രോഗം സംശയിക്കുന്നവർക്കായി ബാത്റൂം സൗകര്യമടക്കമുള്ള സ്വകാര്യ മുറികൾ, മറ്റുള്ളവർക്ക് വാർഡുകൾ എന്നിവ ആവശ്യമാണ്.രോഗവ്യാപനം തടയുന്ന നെഗറ്റിവ് പ്രഷർ വെൻറിലേഷൻ സൗകര്യമടക്കമുള്ള ഐ.സി.യു സൗകര്യങ്ങൾ, ബയോ സേഫ്റ്റി ലാബുകൾ തുടങ്ങിയവയും ഒരുക്കണം. എബോള പോലുള്ള ഗുരുതര പ്രശ്നങ്ങളെ നേരിടേണ്ടി വന്നാൽ രോഗികളും ആരോഗ്യ പ്രവർത്തകരും നേരിട്ട് ബന്ധപ്പെടാത്ത വിധത്തിൽ കാമറ മോണിറ്ററിങ് സംവിധാനം ആവശ്യമാണ്.
രോഗിയെ ചില്ലിനപ്പുറം നിന്ന് കാമറയിലൂടെ പൂർണമായും നിരീക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിക്കണം. ഭക്ഷണ വിതരണത്തിനും മറ്റുമായി റോബോട്ടിങ് സംവിധാനം ഉൾപ്പെടെ ഒരുക്കിയാൽ ഒരു ഐസോലേഷൻ ബ്ലോക്ക് തയാറായി. നിപ കാലത്തുതന്നെ ഇത്തരമൊരു ആവശ്യം മെഡിക്കൽ കോളജ് ഉന്നയിച്ചിരുന്നു.
25 കോടി ഇത്തരമൊരു ഐസോലേഷൻ ബ്ലോക്കിന് പര്യാപ്തമായ തുകയല്ല.
എങ്കിലും നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന സ്ഥലം നോക്കി കെട്ടിടമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾമാത്രം ഒരുക്കാനായാൽപോലും അത് ഗുണകരമായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. നിലവിൽ കോവിഡ് കാലത്ത് മെഡിക്കൽ കോളജ് ജീവനക്കാർ നേരിട്ട ഏറ്റവും വലിയ ഐസോലേഷൻ വാർഡുൾപ്പെടെയുള്ള ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ്.
പകർച്ച വ്യാധികൾ കൈകാര്യം ചെയ്യാനായി പ്രത്യേക ബ്ലോക്കുണ്ടാകുന്നത് ജീവനക്കാരുടെ ജോലിഭാരം പകുതി കുറക്കുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പേ വാർഡ് ബ്ലോക്കാണ് ഐസോലേഷൻ വാർഡുകളായി ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.