ജില്ലയിൽ ഇ.എസ്.എ ഭൂപടം അന്തിമമായില്ല
text_fieldsകോഴിക്കോട്: ജില്ലയിൽ ഇക്കോളജിക്കൽ സെൻസിറ്റീവ് ഏരിയ (ഇ.എസ്.എ) സംബന്ധിച്ച് അന്തിമ ഭൂപടം ആയിട്ടില്ലെന്ന് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് വ്യക്താമാക്കി. ഇ.എസ്.എ ഭൂപടം അന്തിമമായി പ്രസിദ്ധീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതലും പ്രചരിക്കുന്നത് കേട്ടുകേൾവികളാണെന്നും ജില്ല വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് കലക്ടർ പറഞ്ഞു.
ഇ.എസ്.എ വിഷയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഇനിയും പരാതികൾ നൽകാം. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ നിന്ന് ഇതുസംബന്ധിച്ച പരാതി സ്ഥലം എം.എൽ.എ ചൂണ്ടിക്കാണിച്ചിരുന്നു. അതുപോലെ ഇ.എസ്.എയിൽ പരാതികൾ ഉള്ള വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റുമാർ ഉടൻ തന്നെ പരാതി തദ്ദേശ വകുപ്പിലെ ജോയിന്റ് ഡയറക്ടരുടെ ഓഫിസ് മുഖാന്തരം സമർപ്പിക്കണം. ജില്ലയിലെ ഒമ്പത് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ ഇ.എസ്.എ സംബന്ധിച്ച ആശങ്ക മാർച്ചിൽ വിളിച്ച യോഗത്തിൽ അറിയിച്ചതാണെന്നും ഇക്കാര്യത്തിൽ ജില്ല കലക്ടർ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തണമെന്നും ലിന്റോ ജോസഫ് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മുക്കാളിയിലും പാലൊളിപ്പാലത്തും മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിലായ വിഷയത്തിൽ രണ്ടിടത്തും ഭൂമി ഏറ്റെടുക്കാൻ പദ്ധതിയില്ലെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു. രണ്ടിടത്തും റീറ്റെയിനിങ് മതിൽ കെട്ടി ഭൂമി സുരക്ഷിതമാക്കും. എന്നാൽ, മുക്കാളിയിലെ അഞ്ച് വീടുകൾ താമസിക്കാൻ സാധ്യമല്ലാത്ത വിധം അപകട ഭീതിയിലാണെന്നും ഈ വീട്ടുകാർ വാടകവീട്ടിൽ കഴിയുകയാണെന്നും കെ.കെ. രമ എം.എൽ.എ ചൂണ്ടിക്കാട്ടി. തങ്ങളുടെ വീട് ഉൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ദേശീയപാത അതോറിറ്റിയുടെ തീരുമാനം ഔദ്യോഗികമായി അറിയിക്കണമെന്ന് ജില്ല കലക്ടർ നിർദേശിച്ചു. ചേവരമ്പലം ജങ്ഷൻ വീതി കൂട്ടാനുള്ള പദ്ധതിയുടെ അലൈൻമെന്റിന് അനുമതിയായതായി പി.ഡ.ബ്ല്യു.ഡി റോഡ് വിഭാഗം അറിയിച്ചു. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ലിഫ്റ്റിന് ഒക്ടോബർ 15നുള്ളിൽ വൈദ്യുതി കണക്ഷൻ നൽകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വടകര-മാഹി കനാലിനായി ഭൂമി ഏറ്റെടുത്തതിൽ റീച്ച് ഒന്നിൽ 42 പേർക്ക് നഷ്ടപരിഹാര തുക പാസായതായി ഉദ്യോഗസ്ഥ അറിയിച്ചു. മൂന്നുപേർക്ക് മാത്രമേ അക്കൗണ്ടിൽ പണം വന്നിട്ടുള്ളൂ എന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ചൂണ്ടിക്കാട്ടി.
വില്യാപ്പള്ളി ഐ.ടി.ഐ കെട്ടിട നിർമാണം ജനുവരി 30 ഓടെ പൂർത്തിയാക്കും. മണിയൂർ ഐ.ടി.ഐ കെട്ടിടത്തിന്റെ നിർമാണം മാർച്ച് അവസാനത്തോടെയും പൂർത്തിയാക്കും. കുറ്റ്യാടി സർക്കാർ ആശുപത്രിയിൽ വേണ്ടത്ര ഗൈനക്കോളജിസ്റ്റുകൾ ഇല്ലാത്തത് ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പറഞ്ഞു. ആശുപത്രിയിലെ രണ്ട് ഗൈനക്കോളജിസ്റ്റ് തസ്തികളിൽ ഒരാൾ ജോയിൻ ചെയ്തശേഷം മെഡിക്കൽ ലീവിൽ ആണെന്ന് ഡി.എം.ഒ മറുപടി നൽകി. ഡെലിവറി പോയിന്റ് സംവിധാനം നടപ്പായാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ. ജില്ല ആരോഗ്യ വിഭാഗം സർക്കാറിലേക്ക് സമർപ്പിച്ച ഡെലിവറി പോയിന്റ് വേണ്ട ആരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽ കുറ്റ്യാടി ആശുപത്രിയുമുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. എം.എൽ.എമാരായ ഇ.കെ. വിജയൻ, അഹമ്മദ് ദേവർകോവിൽ, കെ.എം. സച്ചിൻദേവ്, പി.ടി.എ. റഹീം, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, സബ് കലക്ടർ ഹർഷിൽ ആർ. മീണ, ജില്ല പ്ലാനിങ് ഓഫിസർ ഏലിയാമ്മ നൈനാൻ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.