പാളയം മാർക്കറ്റ് ഒഴിപ്പിക്കൽ; ഹിയറിങ്ങിൽ ഭാരവാഹികൾ കയറരുതെന്ന് ഡെപ്യൂട്ടി മേയർ
text_fieldsകോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് വിളിപ്പിച്ച വ്യാപാരികളുടെ ഹിയറിങ്ങിൽ നേതാക്കളെ കയറാൻ അനുവദിക്കാത്തത് കോർപറേഷൻ ഓഫിസിൽ വാക്കേറ്റത്തിനും വ്യാപാരികളുടെ പ്രതിഷേധത്തിനുമിടയാക്കി. മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിന് വ്യാപാരികളുമായി ധാരണയുണ്ടാക്കുന്നതിനായി പാളയത്തെ വ്യാപാരികളെ ചൊവ്വാഴ്ച കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിന്റെ ചേംബറിലേക്ക് ഹിയറിങ്ങിന് വിളിപ്പിച്ചിരുന്നു.
വ്യക്തിപരമായി ഹിയറിങ്ങിൽ പങ്കെടുക്കാനായിരുന്നു നിർദേശം. എന്നാൽ, ഡെപ്യൂട്ടി മേയറുടെ ചേംബറിലെത്തിയ വ്യാപാരികൾ നേതാക്കളുടെ നേതൃത്വത്തിൽ സംഘടിതമായി ഹിയറിങ് നടത്തണമെന്നാവശ്യപ്പെട്ടു. ഇത് നിരസിച്ച ഡെപ്യൂട്ടി മേയർ വ്യക്തിപരമായി മാത്രമേ ചർച്ച നടത്തൂവെന്ന നിലപാടിലുറച്ചു നിന്നു. ഇത് വാക്കേറ്റത്തിനിടയാക്കി. ഒരു കാരണവശാലും ഭാരവാഹികളുടെ കൂടെ ഒരുമിച്ച് കാണില്ലായെന്നും ഓരോ കച്ചവടക്കാരെനെയും ഒറ്റക്ക് മാത്രമേ കാണുകയുള്ളൂവെന്ന് ഡെപ്യൂട്ടി മേയർ നിലപാട് കടുപ്പിച്ചതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട്, മണ്ഡലം പ്രസിഡന്റ് സുഷൻ പൊറ്റക്കാട് എന്നിവരുടെ നേതൃത്വത്തിൽ ചേംബറിലേക്ക് കടക്കാൻ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞു. ഇതിനിടെ ഡെപ്യൂട്ടി മേയർ ചേമ്പറിൽ നിന്ന് ഇറങ്ങിപ്പോയി. വ്യാപാരികൾ ഹിയറിങ് ബഹിഷ്കരിച്ചു കോർപറേഷൻ ഓഫിസിന് പുറത്ത് പ്രകടനം നടത്തി.
പാളയം മാർക്കറ്റിലെ 100 വ്യാപാരികളെയാണ് ഡെപ്യൂട്ടി മേയറുടെ ചേംബറിലേക്ക് ചൊവ്വാഴ്ച വിളിപ്പിച്ചിരുന്നത്. 40 വർഷത്തിലധികമായി പാളയത്ത് വ്യാപാരം നടത്തുന്നവരാണിവർ. ഇവിടെ നിന്ന് ഒഴിയാൻ തയാറല്ലെന്ന് നിലപാടിലാണ് വ്യാപാരികൾ. തങ്ങളെ സംഘടിതമായി ചർച്ചക്ക് വിളിച്ചാൽ മതിയെന്നും അതിന് എന്തിനാണ് കോർപറേഷൻ അധികാരികൾ ഭയക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ചോദിച്ചു. പ്രതിഷേധ പ്രകടനം ജില്ല ജനറൽ സെക്രട്ടറി ബി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മനാഫ് കാപ്പാട്, സുഷൻ പൊറ്റക്കാട് എന്നിവർ സംസാരിച്ചു. നടപടിയിൽ പ്രതിഷേധിച്ച് പാളയം പച്ചക്കറി മാർക്കറ്റ് കോഓഡിനേഷൻ കമ്മിറ്റി വ്യാഴാഴ്ച രാവിലെ 10ന് കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തും. അന്ന് പാളയം മാർക്കറ്റിൽ വ്യാപാരികൾ കടകളടച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.