എക്സൈസ് റേഞ്ച് ഓഫിസ്: വാടകക്കെട്ടിടത്തിൽനിന്ന് ശാപമോക്ഷമാകുന്നു
text_fieldsനന്മണ്ട: അരനൂറ്റാണ്ടിനടുത്ത് പലയിടങ്ങളിലായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ചേളന്നൂർ എക്സൈസ് റേഞ്ച് ഓഫിസിന് ഇനി സ്വന്തം കെട്ടിടമുണ്ടാകും. റേഞ്ച് ഓഫിസ് നിർമാണത്തിനായി കാക്കൂരിലെ പതിനൊന്നേ നാലിൽ 10സെൻറ് സ്ഥലം വിട്ടുനൽകാൻ ഗ്രാമപഞ്ചായത്ത് തയാറായിട്ടുണ്ട്.
ഓഫിസ് നിർമിക്കാൻ കഴിയുന്ന ഭൂമിയുണ്ടോയെന്ന് അറിയിക്കണമെന്നുകാണിച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഓഫിസ് പരിധിയിലെ പഞ്ചായത്തുകൾക്ക് കത്ത് നൽകിയിരുന്നു.
ഈ കത്തിനുള്ള മറുപടിയാണ് കാക്കൂർ ഗ്രാമപഞ്ചായത്ത് സ്ഥലം അനുവദിക്കാമെന്ന വിവരം നൽകിയതെന്ന് അധികൃതർ പറഞ്ഞു. 1982ലാണ് റേഞ്ച് ഓഫിസ് രൂപവത്കരിച്ചത്. അക്കാലത്ത് കാക്കൂർ ഒമ്പതേ അഞ്ചിലെ വാടകക്കെട്ടിലെത്തിലായിരുന്നു പ്രവർത്തനമാരംഭിച്ചത്. അന്നുമുതൽ നന്മണ്ടയിലേക്ക് മാറുന്നതുവരെ ദീർഘകാലമായി ഒമ്പതേ അഞ്ചിലെ വാടകക്കെട്ടിടത്തിലായിരുന്നു. ഇപ്പോൾ നന്മണ്ടയിലാണ് എക്സൈസ് ഓഫിസ് പ്രവർത്തിക്കുന്നത്.
ഇതിന് മാസത്തിൽ 36,000ത്തിനു മുകളിൽ തുക വാടകയിനത്തിൽ നൽകുന്നുണ്ട്. ചേളന്നൂർ, കാക്കൂർ, മടവൂർ, നന്മണ്ട, കുരുവട്ടൂർ, തലക്കുളത്തൂർ, കക്കോടി ഉൾപ്പെടെ ഏഴു പഞ്ചായത്തുകൾ ഈ റേഞ്ചിന്റെ കീഴിലാണ്. ഇപ്പോഴുള്ള ഓഫിസ് റേഞ്ച് പരിധിയുടെ അതിർത്തിയിലാണ് പ്രവർത്തിക്കുന്നത്. കാക്കൂരിലേക്ക് ഓഫിസ് വന്നാൽ റേഞ്ച് പരിധിയുടെ നടുവിലായി വരും. കാക്കൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച സ്ഥലം റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുമ്പാകെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഇനി സർക്കിൾ ഇൻസ്പെക്ടർ നേതൃത്വത്തിലുള്ള പരിശോധനക്കുശേഷം പ്ലാനും എസ്റ്റിമേറ്റും ഉൾപ്പെടെയുള്ളവ തയാറാക്കുകയും സ്ഥലമേറ്റെടുക്കാനുള്ള നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. തുടർന്ന് പൊതുമരാമത്തിന് ഇവ സമർപ്പിക്കും. തുടർന്ന് പൊതുമരാമത്തിന്റെ പരിശോധനകൾക്കുശേഷം ഓഫിസ് കെട്ടിട നിർമാണം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.