ക്രിസ്മസ്, പുതുവത്സരാഘോഷം; എക്സൈസ് സ്പെഷൽ ഡ്രൈവിൽ 83 പേർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി എക്സൈസ് നടത്തിയ സ്പെഷല്‍ ഡ്രൈവിൽ 105 അബ്കാരി കേസുകളും 20 എന്‍.ഡി.പി.എസ് കേസുകളും 247 കോട്പ ആക്ട് കേസുകളും കണ്ടെത്തി. 83 പ്രതികളെ അറസ്റ്റ് ചെയ്യുകയും ആറ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഡിസംബര്‍ ഒമ്പതിനാരംഭിച്ച സ്പെഷല്‍ ഡ്രൈവില്‍ ഇതുവരെ 452 റെയ്ഡുകളും പൊലീസ് -ആറ്, കോസ്റ്റല്‍ പൊലീസ് -രണ്ട്, ഫോറസ്റ്റ് -മൂന്ന്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് -നാല്, റവന്യു വകുപ്പ് -ഒന്ന്, ഫുഡ് ആൻഡ് സെഫ്റ്റി വകുപ്പ് -ആറ് എന്നിങ്ങനെ 22 സംയുക്ത റെയ്ഡുകളും നടത്തി. ഇക്കാലയളവിൽ 3,109 വാഹന പരിശോധനകളും നടത്തി. സ്പെഷല്‍ ഡ്രൈവ് ജനുവരി നാലുവരെ തുടരും.
എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിലായി തിരിച്ച് സെപ്റ്റംബര്‍ അഞ്ചു മുതൽ പരിശോധന നടത്തിയിരുന്നു. ഇതിൽ ഇതുവരെ 2,418 റെയിഡുകളും 49 സംയുക്ത പരിശോധനകളുമാണ് നടന്നത്. 477 അബ്കാരി കേസുകളും 105 എന്‍.ഡി.പി.എസ് കേസുകളും 1,510 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു.
ഈ കേസുകളില്‍ ഉള്‍പ്പെട്ട 402 പ്രതികളെ പിടികൂടി. 221 ലിറ്റര്‍ ചാരായവും 1304.530 ലിറ്റര്‍ വിദേശ മദ്യവും 744.075 ലിറ്റര്‍ മാഹി വിദേശ മദ്യവും 12,898 ലിറ്റര്‍ വാഷും 25.350 ലിറ്റര്‍ ബിയറും 15.500 ലിറ്റര്‍ അനധികൃത മദ്യവും ഒരു കഞ്ചാവ് ചെടിയും 22.417 കിലോഗ്രാം കഞ്ചാവും 1.366 ഗ്രാം എം.ഡി.എം.എയും 268.748 ഗ്രാം മെത്താഫിറ്റമിനും 20.058 ഗ്രാം ട്രമഡോളും 111480 ഗ്രാം വെള്ളിയും 416.940 കിലോ പുകയില ഉല്പന്നങ്ങളും 5.176 ഗ്രാം ഹാഷിഷ് ഓയിലും ആറ് മൊബൈൽ ഫോണും 5350 രൂപയും കണ്ടെടുത്തു. കോട്പ പിഴ ഇനത്തില്‍ 3,01,800 രൂപയും ഈടാക്കി.
വിവിധ അബ്കാരി, മയക്കുമരുന്ന് കേസുകളിലായി 27 വാഹനങ്ങളും പിടിച്ചെടുത്തു. ഈ കാലയളവില്‍ മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ 1003 തവണ വിവിധ ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ പരിശോധിച്ചു. 266 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനക്കയച്ചു. ഈ കാലയളവില്‍ 19,796 വാഹനങ്ങള്‍ പരിശോധിച്ചു. 32 വാഹനങ്ങള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടി. അന്തർസംസ്ഥാന തൊഴിലാളികളുടെ 27 ക്യാമ്പുകളിലും പരിശോധന നടത്തി. രാസപരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ കള്ളില്‍ സ്റ്റാര്‍ച്ചിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് കള്ള്ഷാപ്പുകള്ക്കെതിരെ നിയമനടപടി സ്വീകരിച്ചു. മദ്യത്തിന്റെ രാസപരിശോധനയില്‍ നിര്‍ദിഷ്ട വീര്യത്തിന്റെ കുറവുവന്നതിന് ഏഴ് ബാറുകള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു.
ലഹരി: എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കും
കോഴിക്കോട്: ലഹരി വിപണനവുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കാൻ ജില്ലതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. എ.ഡി.എം സി. മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കമീഷണറുടെ ചുമതല വഹിക്കുന്ന അസി. എക്സൈസ് കമീഷണര്‍ പി.എല്‍. ഷിബു, ജനപ്രതിനിധികള്‍, മദ്യനിരോധന സംഘടന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.