പരീക്ഷണം വീട്ടിൽതന്നെ; ഹോം ലാബൊരുക്കി വിദ്യാർഥികൾ
text_fieldsകോഴിക്കോട്: കുട്ടിശാസ്ത്രജ്ഞന്മാർക്കായി വീടുകളിൽ ലാബൊരുക്കി ഹോംലാബ് പദ്ധതി. കോവിഡ് മൂലം വീട്ടിലിരിക്കേണ്ടിവന്ന കുട്ടികൾക്ക് ശാസ്ത്രാഭിരുചി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ആദ്യപടിയായി വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ സമ്പൂർണ ഹോം ലാബ് പദ്ധതി നടപ്പാക്കി. സ്കൂളിലെ അഞ്ചാം ക്ലാസ് മുതൽ 10 വരെയുള്ള 1667 വിദ്യാർഥികൾ 24 മണിക്കൂറിനുള്ളിൽ അവരവരുടെ വീടുകളിൽ ലാബൊരുക്കി.
ഓരോ ക്ലാസുകളിലെയും പാഠഭാഗങ്ങൾക്ക് അനുസൃതമായി ചെയ്യേണ്ട പരീക്ഷണങ്ങളാണ് വിദ്യാർഥികൾ വീടുകളിൽ ചെയ്തത്. എന്തെല്ലാം പരീക്ഷണങ്ങൾ നടത്തണെമന്നും ഓരോ പരീക്ഷണങ്ങൾക്കും എന്തെല്ലാം ബദലുകൾ ഉപയോഗിക്കാമെന്നും അധ്യാപകർ വിവരിച്ചു.
നാരങ്ങ, പുളി, സോപ്പ്, ഗ്ലാസുകൾ, ഐസ്ക്രീം ബാളുകൾ, വയറുകൾ, ബാറ്ററികൾ, ബോട്ടിലുകൾ, കണ്ണാടികൾ, ബൾബുകൾ, ലെൻസുകൾ എന്നിവ മിക്ക കുട്ടിപ്പരീക്ഷണശാലകളിലുമുണ്ടായിരുന്നു. പൂർണമായും സീറോ ബജറ്റ് ലാബുകളാണ് വിദ്യാർഥികൾ ഒരുക്കിയത്. ജില്ല വിദ്യാഭ്യാസ പരിശീലനകേന്ദ്രം നീഡം -സ്കൂളിനൊപ്പം പദ്ധതിയുടെ ഭാഗമായാണ് ഹോം ലാബ് പദ്ധതി നടപ്പാക്കുന്നത്.
30 സ്കൂളുകൾക്കാണ് പരിശീലനം നൽകിയത്. ജനുവരിയോടെ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ സമ്പൂർണ ഹോം ലാബ് കലക്ടർ എസ്. സാംബശിവറാവു ഉദ്ഘാടനം ചെയ്തു. വീട്ടിൽ ലഭ്യമാകുന്ന ഉപകരണങ്ങളും ജൈവരാസപദാർഥങ്ങളും പാഴ്വസ്തുക്കളെന്നു കരുതി ഉപേക്ഷിക്കുന്ന വസ്തുക്കളും ഉപയോഗിച്ച് വിദ്യാർഥികളൊരുക്കിയ കുട്ടി പരീക്ഷണശാലകളുടെയും ലഘുപരീക്ഷണങ്ങളുടെയും വിഡിയോ ഉദ്ഘാടനയോഗത്തിൽ പ്രദർശിപ്പിച്ചു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, ഡി.ഡി.ഇ വി.പി. മിനി, വട്ടോളി സംസ്കൃതം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വി. രാമകൃഷ്ണൻ, ഡയറ്റിലെ സയൻസ് െലക്ചറർ ഡി. ദിവ്യ, സ്കൂൾ കോഓഡിനേറ്റർ എ.പി. രാജീവൻ, ബി. മധു, സമഗ്രശിക്ഷ കേരളയുടെ ജില്ല പ്രോജക്ട് ഓഫിസർ എ.കെ. അബ്ദുൽ ഹക്കീം, ഡയറ്റിലെ സീനിയർ െലക്ചറർ ഡോ. സി. ഭാമിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.