വടിവാൾ മുനയിൽനിർത്തി ഡോക്ടറിൽനിന്ന് പണംതട്ടി; മൂന്നംഗ സംഘം അറസ്റ്റിൽ
text_fieldsകോഴിക്കോട്: നഗരത്തിൽ ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നംഗ സംഘം അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനിമാട്ടുമ്മൽ ഇ.കെ. മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടി ഗൗരീശങ്കരത്തിൽ എൻ.പി. ഷിജിൻദാസ് (27), പാറോപ്പടി മാണിക്കത്താഴെ അനുകൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ നിന്ന് ഡോക്ടറെ വടിവാൾകാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ച നടത്തിയ ഇവരെ ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ആന്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്നാണ് പിടികൂടിയത്.
തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ഞായറാഴ്ച രാത്രി സംഘം ഡോക്ടറെ റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിനടുത്തുനിന്ന് പരിചയപ്പെട്ട് ഡോക്ടർ താമസിക്കുന്ന മുറി മനസ്സിലാക്കിയിരുന്നു. പിന്നീട് കവർച്ച പ്ലാൻ ചെയ്ത് പുലർച്ച ആയുധവുമായി ഡോക്ടറുടെ മുറിയിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്ന് കണ്ടപ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്നും ഗൂഗ്ൾ പേ വഴി 2,500 രൂപ അയപ്പിക്കുകയായിരുന്നു.
ലഹരി ഉപയോഗിക്കുന്ന സംഘം ലഹരിമരുന്ന് വാങ്ങാൻ പണം കണ്ടെത്താനാണ് കവർച്ചക്കിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. അനു ആറുമാസമായി ഇവർക്കൊപ്പം കൂടിയിട്ട്. കവർച്ചക്കുശേഷം ഡൽഹിക്ക് പോകാനും സംഘം തീരുമാനിച്ചിരുന്നുവത്രെ. ഇവർ ഉപയോഗിച്ച ബൈക്കുകളും മൊബൈലും വടിവാളും പൊലീസ് കണ്ടെടുത്തു. പ്രതികളെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.
ഡാൻസാഫിലെ മനോജ് എടയേടത്ത്, കെ. അബ്ദുറഹ്മാൻ, അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ടൗൺ സ്റ്റേഷനിലെ സിയാദ്, അനിൽകുമാർ, ഷിജു, രജിത്ത്, ഗിരീഷ്, ഷിബു, പ്രവീൺ, അഭിലാഷ്, രമേശൻ, ജിജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.