കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളിൽനിന്ന് പണംതട്ടൽ വ്യാപകം
text_fieldsസുരക്ഷ സംവിധാനങ്ങൾ നോക്കുകുത്തി
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളിൽനിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗും കവരുന്നത് പതിവാകുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുകാരാണ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ രോഗികളിൽനിന്ന് വിവിധ പരിശോധനകൾക്കും മരുന്നിനും ഉള്ള ശീട്ടും പണവും കവരുന്നത്. പണം നഷ്ടപ്പെടുന്നതിനുപുറമെ രോഗികളുടെ ചികിത്സ വൈകാനും ഇത് കാരണമാകുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കുറ്റിക്കാട്ടൂർ സ്വദേശിയിൽനിന്ന് സി.ടി സ്കാനിന്റെ ബിൽ അടക്കാൻ സഹായിക്കാം എന്ന വ്യാജേന സി.ടി സ്കാൻ റിക്വസ്റ്റ് ഫോമും പണവുമായി യുവാവ് മുങ്ങി. സഹോദരൻ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് പറഞ്ഞാണ് യുവാവ് തന്നെ പരിചയപ്പെട്ടതെന്ന് തട്ടിപ്പിനിരയായയാൾ പറഞ്ഞു. സി.ടി റിക്വസ്റ്റ് ഫോറവുമായി പണം അടയ്ക്കാൻ പോയ ആൾ ഏറെസമയം കഴിഞ്ഞും തിരിച്ചുവരാതിരുന്നതോടെയാണ് താൻ തട്ടിപ്പിനിരയായത് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വീണ്ടും ഡോക്ടറെ കണ്ട് റിക്വസ്റ്റ് ഫോറം എഴുതിപ്പിച്ചതിനുശേഷമാണ് സി.ടി സ്കാൻ എടുക്കാൻ കഴിഞ്ഞത്.
രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നു
റിക്വസ്റ്റ് ഫോറം, മരുന്ന് ശീട്ട് എന്നിവയുമായി തട്ടിപ്പുകാർ മുങ്ങുന്നത് രോഗികളുടെ ജീവൻതന്നെ അപകടത്തിലാക്കുന്ന സാഹചര്യവുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷ ജീവനക്കാരോട് പരാതി പറഞ്ഞാലും മുഖവിലക്കെടുക്കാറില്ലെന്നാണ് ആക്ഷേപം. രോഗികളുടെ കൂട്ടിരിപ്പുകാർ മരുന്നോ മറ്റ് അത്യാവശ്യ സാധനങ്ങളോ വാങ്ങുന്നതിന് പുറത്തുപോകുന്നതിനും തിരിച്ചു കയറുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന സുരക്ഷ ജീവനക്കാർ ഇത്തരത്തിലുള്ള തട്ടിപ്പുകാർ ആശുപത്രിക്കകത്ത് കയറിക്കൂടുന്നത് എന്തുകൊണ്ട് അറിയുന്നില്ലെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ ചോദിക്കുന്നു.
രണ്ടു ദിവസം മുമ്പ് അത്യാഹിത വിഭാഗത്തിൽനിന്ന് മെഡിക്കൽ പി.ജി വിദ്യാർഥിയുടെ ഫോണും നഷ്ടപ്പെട്ടിരുന്നു. പരിശോധന കൗണ്ടറിൽ ചാർജ് ചെയ്യാൻ വെച്ച ഫോൺ കാണാതാവുകയായിരുന്നു. സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം പൂർണമായും സി.സി ടി.വി നിരീക്ഷണത്തിലാണ് എന്ന് പറയുമ്പോഴും ഇത്തരത്തിലുള്ള ഒരു തട്ടിപ്പുകാരനെയും സി.സി ടി.വി പരിശോധിച്ച് കണ്ടെത്താനും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല.
ആശുപത്രിയിലെ എല്ലാ പൊതുഇടങ്ങളും സി.സി ടി.വിയുടെ പരിധിയിൽ വരുന്നില്ലെന്നും ആക്ഷേപമുണ്ട്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ സെക്യൂരിറ്റി സൂപ്പർവൈസറുടെ അനുമതിതേടണമെന്ന് പറഞ്ഞ് രോഗികളുടെ പരാതി പലപ്പോഴും സുരക്ഷ ജീവനക്കാർ അവഗണിക്കുന്നതായും പരാതിയുണ്ട്. ഗുരുതര പരിക്കുകളും രോഗങ്ങളുമായി എത്തുന്നവർ പൊലീസിൽ പരാതി കൊടുക്കാൻ മുതിരാറില്ലെന്നതും തട്ടിപ്പുകാർക്ക് മുതൽക്കൂട്ടാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.