എഴുകുളം-കൂട്ടമ്പൂർ റോഡ്: സുരക്ഷാ വേലിയില്ല, അപകടം തുടർക്കഥയാകുന്നു
text_fieldsനന്മണ്ട: എഴുകുളം-കുട്ടമ്പൂർ റോഡിൽ സുരക്ഷാവേലി സ്ഥാപിക്കാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. നന്മണ്ട -ഉണ്ണികുളം - കാക്കൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിലാണ് ചെറുതും വലുതുമായ അപകടങ്ങൾ തുടരുന്നത്.
അപകടകരമായ ഒട്ടേറെ വളവും കയറ്റവുമുള്ള റോഡാണിത്. ഒതയോത്ത് പറമ്പിൽത്താഴത്താണ് അപകടം വർധിച്ചത്. വേഗതയിൽവരുന്ന വാഹനങ്ങൾ വളവിൽനിന്നും താഴേക്കിറങ്ങുമ്പോൾ ചെന്നുപതിക്കുന്നത് ആഴമേറിയ സ്ഥലത്തേക്കാണ്. റോഡിന്റെ ഒരുഭാഗം താഴ്ന്നുപോയതും അപകടസാധ്യത വർധിപ്പിക്കുന്നു.
ഒന്നരപ്പതിറ്റാണ്ടുമുമ്പ് ടാർ ചെയ്തതല്ലാതെ പിന്നീട് ഒരുവിധ അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നന്മണ്ട പഞ്ചായത്തിന്റെ പരിധിയിൽവരുന്ന ഭാഗമാണ് യാത്ര ദുഷ്കരമാക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
ചെറുതും വലുതുമായി ഒട്ടേറെ അപകടങ്ങൾ ഒതയോത്ത് പറമ്പിൽത്താഴത്ത് നടന്നിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപെടുന്നത്. തൊട്ടടുത്ത ക്ഷേത്രത്തിലേക്കുള്ളവരും കുട്ടമ്പൂർ ഹൈസ്കൂളിലേക്കുള്ള വിദ്യാർഥികളും യാത്രചെയ്യുന്ന റോഡാണ് ശോച്യാവസ്ഥയിൽ കിടക്കുന്നത്.
കുട്ടമ്പൂർ പ്രദേശവാസികൾക്ക് വളരെ എളുപ്പത്തിൽ നന്മണ്ട ടൗണിലെത്തിപ്പെടാനും അതുവഴി നഗരത്തിലേക്കുള്ള യാത്ര സുഗമമാക്കാനും എഴുകുളം - കുട്ടമ്പൂർ റോഡിനെയാണ് ആശ്രയിക്കുന്നത്. എത്രയും വേഗം സുരക്ഷാവേലി കെട്ടി അപകടം ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.