വടകര തോൽവി; കാരണം തേടി സി.പി.എം
text_fieldsനാദാപുരം: പാർട്ടി കേന്ദ്രങ്ങളിലടക്കം വോട്ടുചോർന്നിട്ടും പരാജയഭാരം ചില പ്രത്യേക സംഘടനകളുടെ സാന്നിധ്യം കൊണ്ടെന്ന ന്യായീകരണത്തിനൊരുങ്ങി സി.പി.എം. നാദാപുരത്തെ സി.പി.എമ്മിന് സ്വാധീനമുള്ള പഞ്ചായത്തുകളിലടക്കം വൻ വോട്ടുചോർച്ചയാണ് സംഭവിച്ചത്.
എന്നാൽ, യഥാർഥ വസ്തുതകൾ കണ്ടെത്തുന്നതിനു പകരം ബാലിശ വാദങ്ങൾ ഉയർത്തി പ്രതിരോധിക്കാനാണ് ശ്രമം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ ഓൺലൈൻ ചാനൽ പ്രവർത്തകർ നാദാപുരത്ത് നടത്തിയ തെരഞ്ഞെടുപ്പ് ചർച്ചയിൽ വടകരയിലെ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി സ്വാധീനമാണ് മുഖ്യ കാരണമായി ജില്ല കമ്മിറ്റി അംഗം വിലയിരുത്തിയത്. കഴിഞ്ഞ തവണ മുരളീധരൻ നേടിയ ഭൂരിപക്ഷത്തെയും കടത്തിവെട്ടി ഒരു ലക്ഷത്തി പതിനയ്യായിരത്തിനടുത്ത് ഭൂരിപക്ഷമെത്തിയത് ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
മുമ്പെങ്ങുമില്ലാത്ത വിധത്തിൽ സോഷ്യൽ മീഡിയവഴി സൈബർ കേന്ദ്രങ്ങളിൽനിന്ന് ഉയർന്ന വഴിവിട്ട പ്രചാരണങ്ങൾ ഒടുവിൽ സി.പി.എമ്മിനു തന്നെ തിരിച്ചടിയായതായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. ‘കാഫിർ’ പ്രയോഗം പുറത്തുവിട്ടതിന്റെ നിഗൂഢത തുടരുകയാണെങ്കിലും ഇത് ന്യൂനപക്ഷ വോട്ടർമാരിൽ സി.പി.എമ്മിന് വരുത്തിയ തിരിച്ചടി ചെറുതല്ല. ഇതിന്റെ പ്രതിഷേധത്തിന്റെ അലയൊലി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
യഥാർഥ പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് അലംഭാവം തുടരുകയാണ്. വിജയിച്ച സ്ഥാനാർഥി ഷാഫി പറമ്പിലിന് വ്യാഴാഴ്ച രാത്രി നാദാപുരത്ത് വൻ സ്വീകരണം നൽകി. വൈകീട്ട് തിമിർത്ത് പെയ്ത കനത്ത മഴക്കിടയിലും വൻ ജനാവലിയാണ് സ്വീകരണത്തിനെത്തിയത്. അഹമ്മദ് പുന്നക്കൽ, പാറക്കൽ അബ്ദുല്ല, സൂപ്പി നരിക്കാട്ടേരി, മോഹനൻ പാറക്കടവ്, ബംഗ്ലത്ത് മുഹമ്മദ്, എൻ.കെ. മൂസ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.