വ്യാജ വരുമാന സർട്ടിഫിക്കറ്റ്: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsനാദാപുരം: ഗ്രാമപഞ്ചായത്തിൽ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിക്ക് സമർപ്പിച്ച അപേക്ഷയിൽ വ്യാജ വരുമാന സർട്ടിഫിക്കറ്റ് കണ്ടെത്തിയ സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാദാപുരം വില്ലേജ് ഓഫിസർ നൽകിയ പരാതിയിലാണ് നടപടി. നാദാപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ സാമൂഹിക പെൻഷൻ ശരിയാക്കാൻ എത്തിയവരുടെ അപേക്ഷയിലാണ് വ്യാജ വരുമാന സർട്ടിഫിക്കറ്റ് കണ്ടെത്തിയത്. പ്രതിമാസം 1600 രൂപ പെൻഷൻ ലഭിക്കുന്ന നിർധനരായ 10 പേർക്ക് 60 രൂപ സർവിസ് ചാർജ് വാങ്ങിയാണ് വരുമാന സർട്ടിഫിക്കറ്റും മറ്റു രേഖകളും ശരിയാക്കി നൽകിയത്. ഇതുകൊണ്ട് സ്ഥാപന നടത്തിപ്പുകാരന് എന്തു നേട്ടമുണ്ടായി എന്ന ചോദ്യമാണ് ഉയരുന്നത്. 10 പേർക്കും പെൻഷൻ നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ ക്രമീകരണം ഇന്നലെ തന്നെ ചെയ്തു. സ്ഥാപന നടത്തിപ്പുകാരൻ പുളിയാവ് സ്വദേശി റാഷിദ് എന്നയാളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
നവംബറിലാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. ഡിസംബർ അവസാനത്തോടെ സ്ഥാപനവും ഇയാൾ പൂട്ടിയിരുന്നു. പഞ്ചായത്ത് ഓഫിസിൽ ലഭിച്ച 10 വരുമാന സർട്ടിഫിക്കറ്റുകളാണ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തിയത്. അപേക്ഷകൾ ഓഫിസ് ആവശ്യത്തിനായി വ്യാഴാഴ്ച അപ് ലോഡ് ചെയ്യുന്നതിനിടെയാണ് വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുന്നത്. ക്യു.ആർ കോഡ് പ്രവർത്തിക്കാതായതോടെ വില്ലേജ് ഓഫിസിൽ പരിശോധനക്കയക്കുകയായിരുന്നു. വില്ലേജ് ഓഫിസിൽ നടത്തിയ വിശദ പരിശോധനയിൽ ഇവ വില്ലേജിൽനിന്ന് നൽകിയതല്ലെന്ന് ബോധ്യപ്പെടുകയും കൃത്രിമമായി നിർമിച്ചതാണെന്ന് കണ്ടെത്തുകയുമായിരുന്നു. മൂവായിരത്തോളം അപേക്ഷകളാണ് സാമൂഹിക സുരക്ഷ പെൻഷന്റെ ഭാഗമായി വില്ലേജ് ഓഫിസിൽനിന്ന് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.