വ്യാജ പാസ്പോർട്ട് കേസ്: പൊലീസുകാരനെയും തപാൽ ഉദ്യോഗസ്ഥരെയും കോടതി വെറുതെ വിട്ടു
text_fieldsതാമരശ്ശേരി: വ്യാജ പാസ്പോർട്ട് ലഭിക്കുന്നതിന് സഹായികളായി പ്രവർത്തിച്ചുവെന്ന കേസിലെ പ്രതികളായ പോസ്റ്റുമാനെയും പോസ്റ്റ് മാസ്റ്ററെയും പൊലീസുകാരനെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.
കേസിലെ പ്രതികളായ മേലാറ്റൂർ, വേങ്ങൂർ പോസ്റ്റ് ഓഫിസിലെ പോസ്റ്റുമാൻ ആയിരുന്ന ഭാസ്കരൻ, പോസ്റ്റ് മാസ്റ്റർ മുസമ്മിൽ ഖാൻ, മേലാറ്റൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ ഉമ്മർ എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.
പത്തനംതിട്ട സ്വദേശിയായ യുവതി വ്യാജരേഖകൾ സമർപ്പിച്ച് പാസ്പോർട്ട് ലഭ്യമാക്കി എന്നാരോപിച്ച് കോടഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ നേരിട്ട 3,4,5 പ്രതികളെ വിട്ടയച്ചത്.
കേസിലെ ഒന്നാം പ്രതിയായ യുവതി ഒളിവിൽ പോയതിനാൽ വിചാരണക്ക് ഹാജരായിരുന്നില്ല. ട്രാവൽ ഏജന്റ് ആയിരുന്ന രണ്ടാം പ്രതി കേസ് വിചാരണക്കു മുമ്പേ മരണപ്പെട്ടിരുന്നു. പാസ്പോർട്ടിലെ പേരും വിലാസവും വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് പാസ്പോർട്ട് ഒന്നാം പ്രതിയുടെ കൈവശം എത്തിച്ചു എന്നതായിരുന്നു പോസ്റ്റ്മാനും പോസ്റ്റുമാസ്റ്റർക്കും എതിരെയുള്ള ആരോപണം. പാസ്പോർട്ട് അപേക്ഷയിലെ പേരും വിലാസവും സത്യസന്ധമായി പരിശോധിക്കാതെ അപേക്ഷ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകി എന്നായിരുന്നു പൊലീസുകാരനെതിരെയുള്ള ആരോപണം.
ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പാസ്പോർട്ട് നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ചാർജ് ചെയ്തത്. സർക്കാറിന്റെ മുൻകൂർ അനുമതി ലഭ്യമാക്കിയ ശേഷമാണ് പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചത്. കോഴിക്കോട് പാസ്പോർട്ട് ഓഫിസ് സൂപ്രണ്ട് ഉൾപ്പെടെ 18 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. എന്നാൽ പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ പ്രസക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികൾക്കുവേണ്ടി അഡ്വ. കെ.പി. ഫിലിപ്, അഡ്വ. അൻവർ സാദിഖ് മുക്കം എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.