ജാമ്യത്തിലിറക്കാൻ വ്യാജ നികുതി ശീട്ട്; രണ്ടുപേർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: പോക്സോ കേസ് പ്രതിയെ ജാമ്യത്തിലിറക്കാൻ വ്യാജ നികുതി ശീട്ടുകൾ ഹാജരാക്കി കോടതിയെ കബളിപ്പിച്ച രണ്ടുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. തൊട്ടിൽപാലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ ഝാർഖണ്ഡ് സ്വദേശി നസിറുദ്ദീനെ ജാമ്യത്തിലെടുക്കാൻ വ്യാജ നികുതി ശീട്ടുകൾ നൽകിയ തിരുവനന്തപുരം മലയിൻകീഴ് പുതുവൽ പുത്തൻവീട്ടിൽ സുധ കുമാർ, കുടപ്പാമൂട് റോഡരികത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.
2018ലാണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി മുമ്പാകെയാണ് വ്യാജ രേഖകൾ ഹാജരാക്കിയത്. ഹാജരാകാത്തതിനെ തുടർന്ന് പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിക്കുകയും ജാമ്യക്കാർക്കെതിരെ വില്ലേജ് ഓഫിസ് മുഖേന നടപടി സ്വീകരിക്കാൻ വില്ലേജ് ഓഫിസുകളിലേക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഇതോടെ രേഖകൾ വ്യാജമാണെന്ന് മനസ്സിലായി.
നെടുമങ്ങാട് തഹസിൽദാർ രേഖകൾ വ്യാജമാണെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. കോടതിയുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുക്കുകയും ഒളിവിൽ കഴിയുന്ന പ്രതികളെ തിരുവനന്തപുരത്ത് പിടികൂടുകയുമായിരുന്നു. ഇവർക്കെതിരെ വഞ്ചിയൂർ കോടതിയിലും സമാനമായ കേസുണ്ട്.ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജിബിൻ ജെ ഫ്രെഡി, വി.വി. അബ്ദുൽ സലിം, സീനിയർ സി.പി.ഒമാരായ സജേഷ് കുമാർ, ഉദയകുമാർ, സി.പി.ഒ അനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.