വട്ടംകറക്കി വ്യാജ സന്ദേശങ്ങൾ
text_fieldsകോഴിക്കോട്: സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ ആളുകള്‍ക്കിടയില്‍ പ്രയാസം സൃഷ്ടിക്കുന്നു. ഇല്ലാത്ത പദ്ധതികളുടെ പേരിലാണ് ചിലർ തെറ്റായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് കാർഡ്, പി.എം.എ.വൈയിൽ വീട്, കോവിഡ് കാലത്ത് കുട്ടികൾക്ക് 10,000 രൂപ സ്കോളർഷിപ് എന്നിവയുടെ പേരിലാണ് പ്രധാനമായും തെറ്റായ പ്രചാരണമുണ്ടായത്. ഐ.ടി മിഷെൻറയും അക്ഷയയുടെയും ഉൾപ്പെടെ ലോഗോ സഹിതമാണ് വ്യാജ സന്ദേശങ്ങള്‍ പരക്കുന്നത്.
കോവിഡ് കാലത്ത് പ്രായമായവരുൾപ്പെടെ അക്ഷയ കേന്ദ്രങ്ങളിലും സി.എസ്.സി സെൻററുകളിലും എത്തുമ്പോഴാണ് ലഭിച്ചത് വ്യാജ സന്ദേശമാണെന്ന് തിരിച്ചറിയുന്നത്. തെറ്റായ സന്ദേശങ്ങള്‍ വായിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് നിരവധി പേരാണ് ദിവസവും ഫോണിൽ വിളിക്കുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പുതുതായി ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കാൻ അപേക്ഷ ക്ഷണിച്ചതായുള്ള സന്ദേശം വാട്സ് ആപ്പിലും ഫേസ്ബുക്കിലുമാണ് പ്രചരിക്കുന്നത്.
ബി.പി.എല്‍-എ.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അപേക്ഷിക്കാമെന്നും അക്ഷയ സെൻററില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം. ഐ.ടി മിഷെൻറ ലോഗോ ഉൾപ്പെടുത്തിയ സന്ദേശമാണ് പ്രചരിക്കുന്നത്. അതിനാല്‍, സന്ദേശം ശരിയാണെന്നാണ് പലരുടെയും ധാരണ. തെറ്റായ പ്രചാരണങ്ങൾക്കെതിരെ െഎ.ടി മിഷൻ തന്നെ രംഗത്തുവന്നിട്ടുണ്ട്.
'ലൈഫ്' പദ്ധതിയിൽ വീടിന് അപേക്ഷ ക്ഷണിച്ചതോടെയാണ് പി.എം.എ.വൈയുടെ പേരിലും വ്യാജ പ്രചാരണം ശക്തമായത്. എന്നാൽ, പി.എം.എ.വൈ (ജി) യിൽ ആവാസ്പ്ലസ് മൊബൈൽ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേർക്കാൻ 2019 മാർച്ച് എട്ടുവരെയാണ് കേന്ദ്രം അനുമതി നൽകിയതെന്നും പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര അനുമതിയില്ലെന്നുമാണ് പി.എം.എ.വൈ (ഗ്രാമീൺ) നോഡൽ ഓഫിസർ വി.എസ്. സന്തോഷ് കുമാർ അറിയിച്ചത്.
'കോവിഡ് -19 സപ്പോർട്ടിങ് പ്രോഗ്രം' വഴി പ്രധാനമന്ത്രി ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് 10,000 രൂപ വീതം ധനസഹായം നൽകുന്നതായും അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിച്ചാൽ മതിയെന്നും വ്യാജ പ്രചാരണം നടക്കുന്നുണ്ട്. അതേസമയം തെറ്റായ പ്രചാരണങ്ങൾക്കെതിരെ ആരും പരാതി നൽകാത്തതിനാൽ പൊലീസ് അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.