ലോക്ഡൗണിൽ ജോലിയില്ലാതെ പെരുവഴിയിലായ കുടുംബത്തെ നാട്ടിലെത്തിച്ച് പൊലീസ്
text_fieldsകോഴിക്കോട്:: ലോക്ഡൗൺ കാരണം ജോലിയില്ലാതെ പെരുവഴിയിലായ കുടുംബത്തെ നാട്ടിലെത്തിച്ച് പൊലീസ്. വയനാട് മേപ്പാടിയിലെ പ്രായമായ സ്ത്രീയും കുട്ടികളുമുൾപ്പെടുന്ന എട്ടംഗ കുടുംബത്തിനാണ് ടൗൺ പൊലീസ് തുണയായത്. കുറേകാലമായി പാലക്കാട് വാളയാറിൽ കൂലിവേല ചെയ്ത് ജീവിക്കുകയായിരുന്നു ആസിഫും കുടുംബവും. ലോക്ഡൗണിൽ പണിയില്ലാതാവുകയും കൈയിലെ പണം തീരുകരും ചെയ്തതോടെയാണ് കുടുംബം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. തുടർന്ന് വാളയാറിൽ നിന്ന് പാലക്കാട്ടേക്ക് നടന്നു. പാലക്കാട്ടെത്തിയതോടെ ചില പൊലീസുകാർ ഇവർക്ക് കോഴിക്കോട്ടേക്ക് ട്രെയിൻ ടിക്കറ്റെടുത്തുനൽകി.
വെള്ളിയാഴ്ച രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ കുടുംബം വയനാട്ടിലേക്ക് പോകാൻ ആരുടെയെങ്കിലും സഹായത്തിന് പ്രതീക്ഷിച്ചിരുന്നപ്പോൾ സ്ഥലത്തെത്തിയ ടൗൺ അസി. കമീഷണർ ജോൺ ടൗൺ പൊലീസിനോട് വേണ്ട സഹായം ചെയ്യാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ടൗൺ സ്റ്റേഷനിലെ ജനമൈത്രിയുടെ ചുമതലയുള്ള സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി. സുനിതയും സിവിൽ പൊലീസ് ഓഫിസർ എ. അനൂപും ആദ്യം ഇവരെ ഏതെങ്കിലും ക്യാമ്പിലേക്ക് മാറ്റാൻ ശ്രമം നടത്തി. ഇതിനായി ഇവരുടെ കോവിഡ് പരിശോധന നടത്താൻ ബീച്ച് ജനറൽ ആശുപത്രിയുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാൽ, സംഘത്തിൽ കുട്ടികളടക്കമുള്ളതിനാൽ ശിശുക്ഷേമ സമിതിയുടെ ഉൾപ്പെടെ അനുമതി വേണമെന്ന അവസ്ഥയായി.
ഇതോടെ തങ്ങൾക്ക് മേപ്പാടിയിലേക്ക് പോവാൻ ഒരു വാഹനം തരപ്പെടുത്തി നൽകിയാൽ മതിയെന്നറിയിച്ചതോടെ പൊലീസ് 1500 രൂപ സമാഹരിച്ച് ലോറി ഏർപ്പാടാക്കി ഇവരെ നാട്ടിലേക്കയക്കുകയായിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട സഹായമെത്തിക്കാനും പൊലീസ് നിർേദശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.