പാടത്തും പറമ്പത്തും നൂറുമേനി കൊയ്ത് ആണ്ടിക്കുട്ടി
text_fieldsനന്മണ്ട: പാടത്തും പറമ്പത്തും ഐശ്വര്യത്തിെൻറ നിറക്കാഴ്ചയൊരുക്കുന്ന കർഷകനാണ് കാരക്കുന്നത്തെ പുത്തഞ്ചേരി ആണ്ടിക്കുട്ടി. ഒരു നാടിെൻറ ജൈവ കൃഷിയുടെയും മത്സ്യകൃഷിയുടെയും ബ്രാൻഡ് അംബാസഡറാണ് ഈ ക്ഷീരകർഷകൻ. മണ്ണിനെ സ്നേഹിക്കുന്ന, കൃഷിയെ നെഞ്ചിലേറ്റുന്ന ആരുടെയും മനംകുളിർക്കും പുത്തഞ്ചേരി പറമ്പിലെത്തിയാൽ.
പറമ്പിൽ ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, കുരുമുളക്, അങ്കോറ വർഗത്തിൽപെട്ട മുയലുകൾ, പേർഷ്യൻ പൂച്ചകൾ, അക്വാറിയത്തിലേക്ക് ആവശ്യമായ ആമസോൺ ബനാന, വാട്ടർ മൊസൈക്, വാട്ടർ കാബേജ്, താമര, ആമ്പൽ കൃഷികൾ ഇങ്ങനെ നീളുന്നു വീടിെൻറ അങ്കണത്തിലെ കാഴ്ചകൾ.
നല്ല വിളവ് ലഭിക്കാൻ മനുഷ്യ സാമീപ്യം വിളകൾക്കാവശ്യമാണ്. കൃഷിക്കാരൻ വിളകൾക്ക് ഒപ്പമുണ്ടാകണം. ഇവിടെയാണ് ക്ഷീര കർഷകൻകൂടിയായ ആണ്ടിക്കുട്ടിയെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത്. 10ാം വയസ്സിൽ കർഷകനായ പിതാവ് നടുവിലയിൽ രാമോട്ടിയിൽനിന്ന് കൃഷിപാഠങ്ങൾ സ്വായത്തമാക്കിയ ഇദ്ദേഹം തെൻറ കൃഷിയിടത്തിൽ കർമനിരതൻ. പുലർച്ചക്കുതന്നെ കൃഷിയിടത്തിലിറങ്ങുന്ന ശീലത്തിന് മാറ്റമില്ല. ഭാര്യ സൗമിനിയും ഒപ്പമുണ്ടാകും.
പച്ചക്കറി കൃഷി കൂടാതെ മത്സ്യകൃഷിയിലും വിജയഗാഥ രചിക്കുകയാണ്. തെൻറ പാടത്ത് വിശാലമായ മൂന്നു കുളങ്ങൾ കുഴിച്ച് വിവിധയിനം മത്സ്യകൃഷിയും ചെയ്യുന്നു. ഓസ്കർ, തിലാപ്പിയ, മത്സ്യകൃഷിയിലെ ഭാഗ്യനക്ഷത്രവും, രുചിയിൽ കേമനുമായ അസം വാള അടക്കം വിവിധയിനം മത്സ്യങ്ങൾ. തൊഴിൽ രഹിതരായ യുവാക്കൾക്കും ആണ്ടിക്കുട്ടി വഴികാട്ടിയാണ്. മത്സ്യകൃഷിയെക്കുറിച്ച് അറിയാനാണ് ഭൂരിഭാഗം പേരും വരുന്നത്. അവരോട് കർഷകന് പറയാനുള്ളത് നല്ല അറിവോടു കൂടിയേ ഇത്തരം കൃഷിയിലേക്ക് ഇറങ്ങാവൂ എന്നാണ്. പഞ്ചായത്തിെൻറയും കൃഷിഭവെൻറയും പുരസ്കാരങ്ങൾ നേടിയ ആണ്ടിക്കുട്ടി പുതുതലമുറക്കും മാതൃകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.