തരിശുഭൂമിയിൽ പൊന്നുവിളയിച്ച് കർഷക കൂട്ടായ്മ
text_fieldsനന്മണ്ട: തരിശുഭൂമിയിൽ പൊന്നുവിളയിക്കുകയാണ് പതിനഞ്ചോളം യുവതി യുവാക്കളടങ്ങുന്ന കർഷക കൂട്ടായ്മ. എട്ടാം വാർഡിലെ മുണ്ടയിൽ നാഗത്തിങ്കൽ വയലിലെ രണ്ട് ഏക്കറിൽ അധികം വരുന്ന തരിശായി കിടക്കുന്ന പാടമാണ് ഇതിനായി വിനിയോഗിക്കുന്നത്. ജൈവം ജീവാമൃതം എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് ഈ സൗഹൃദ കൂട്ടായ്മ മണ്ണിലേക്കിറങ്ങിയത്. മുണ്ടയിൽ നാഗത്തിങ്കൽതാഴം വയലിനെ പഴയ കാർഷിക സമൃദ്ധിയിലേക്ക് നയിക്കുകയാണിവർ. നന്മണ്ട കൃഷിഭവന്റെ പൂർണ പിന്തുണയും ഇവർക്ക് കരുത്തേകുന്നു.
കൃഷിയിടം നനയ്ക്കാൻ വേണ്ട സൗകര്യം ചെയ്തുകൊടുക്കുന്നതാവട്ടെ നാഗത്തിങ്കൽ രഞ്ജിത്ത് നമ്പിയാണ്. ഇതിനു പുറമെ റെഡ് ഗ്യാങ്ങിന്റെ കിണറും ഉപയോഗിക്കുന്നു. വിഷുവിന് വിഷരഹിത പച്ചക്കറി വിപണി ലക്ഷ്യംവെച്ചുകൊണ്ടാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്. വെണ്ട, വെള്ളരി, മത്തൻ, തക്കാളി, പാവൽ, ചിര, നീളൻപയർ, ചെറുപയർ, മമ്പയർ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്.
എല്ലാവരും സ്വന്തമായി മറ്റ് ഉപജീവനമാർഗങ്ങളുള്ളവർ എന്നിട്ടും ജോലിക്ക് പോകുന്നതിനു മുമ്പും ജോലി കഴിഞ്ഞ് വന്നതിനുശേഷവുമാണ് പച്ചക്കറി തോട്ടത്തിലെത്തി നനയും പരിചരണവുമെന്ന് കർഷക കൂട്ടായ്മയുടെ ഉപദേശകനായ മാടേക്കണ്ടി ശിവദാസൻ പറഞ്ഞു. കൃഷിയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല പുതുതലമുറയെ കൂടി ഈ രംഗത്തേക്ക് കൊണ്ടുവരുക എന്നതാണ് ഇവർ ലക്ഷ്യമിടുന്നത്. മാടേക്കണ്ടി ശിവദാസൻ, കരിക്കിരിക്കണ്ടി ശിശിർലാൽ, താനോത്ത് അംബിക, പടിഞ്ഞാറെക്കണ്ടി ബേബി, മീത്തലെ താനോത്ത് ഷൈജ, പൂക്കണ്ടനിലം രവി എന്നിവരടങ്ങുന്ന സംഘമാണ് ഹരിതവിപ്ലവത്തിനു പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.