ഈ അനാസ്ഥക്ക് എന്താണ് മരുന്ന്?
text_fieldsകോഴിക്കോട്: റേഡിയോളജിസ്റ്റ്, ചെസ്റ്റ് ഫിസിഷ്യൻ തുടങ്ങിയ വിദഗ്ധരുടെ സേവനം ഇല്ലാതെ ഫറോക്ക് ഇ.എസ്.ഐ റഫറൽ ആശുപത്രി. മലബാറിലെ വിവിധ ജില്ലകളുടെ റഫറൽ ആശുപത്രിയായ ഇവിടേക്ക് ചികിത്സ കിട്ടുമെന്ന് പ്രതീക്ഷിച്ച് എത്തിയാലും റഫർ ചെയ്യൽ മാത്രമേ നടക്കൂ.
സി.ടി സ്കാനും അൾട്രാസൗണ്ട് സ്കാനും മുടങ്ങിയതോടെ ഡോക്ടർമാർക്കു മുന്നിൽ മറ്റ് മാർഗമില്ല. റേഡിയോളജിസ്റ്റ് അവധിയിൽ പ്രവേശിച്ചതോടെ ആശുപത്രിയിലെ സി.ടി സ്കാൻ പ്രവർത്തനം മുടങ്ങി. ഇതോടെ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച സി.ടി സ്കാൻ നോക്കു കുത്തിയായി. ആശുപത്രിയിലെ അൾട്രാസൗണ്ട് സ്കാനർ പണിമുടക്കിലായിട്ട് വർഷങ്ങളായി. കഴിഞ്ഞ ഫ്രെബ്രുവരിമുതൽ റേഡിയോളജിസ്റ്റ് അവധിയിലാണ്. ഇടക്ക് ഏതാനും ദിവസം വന്ന് ജോലിയിൽ കയറി വീണ്ടും അവധിയിൽ പോവുകയായിരുന്നു. റേഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തിനാൽ ഇതും പ്രവർത്തന ക്ഷമമാക്കിയിട്ടില്ല.
നേരത്തേ ആശുപത്രിയിൽ ആഴ്ചയിൽ മൂന്നുദിവസം ചെസ്റ്റ് ഫിസിഷ്യന്റെ ഒ.പി സേവനം ലഭ്യമാക്കിയിരുന്നു. ആശുപത്രിയിലേക്ക് നിയമിച്ച ചെസ്റ്റ് ഫിസിഷ്യനെ എരഞ്ഞിപ്പാലം ഇ.എസ്.ഐ ഡിസ്പൻസറിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇതോടെ കോഴിക്കോട്, മലപ്പുറം, വയനാട്, ജില്ലകളിലെ ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് ഫറോക്കിൽ ഇ.എസ്.ഐ റഫറൽ ആശുപത്രിയിൽ ലഭിച്ചിരുന്ന സൗകര്യവും നിലച്ചു.
ഇതിനുപുറമേ ആശുപത്രിയിലെ സർജൻ അസുഖം കാരണം തിങ്കളാഴ്ച മുതൽ ലീവിവാണ്. ഇനി മുതൽ സർജറിയും മുടങ്ങുന്ന അവസ്ഥയാണ്. ഡോക്ടർമാർ അവധിയിൽ പോകുമ്പോൾ പകരം സംവിധാനമൊരുക്കാത്തതാണ് ആശുപത്രി പ്രവർത്തനത്തെ താളം തെറ്റിക്കുന്നത്. ഐ.സി.യുവിൽ നാല് നഴ്സുമാർ വേണം, എന്നാൽ ഒരു നഴ്സ് മാത്രമാണുള്ളത്. ഓഫിസ് പ്രവർത്തനം നിയന്ത്രിക്കാൻ ആവശ്യത്തിന് ക്ലർക്കുമില്ല. അവധി യഥാസമയം ഡയറക്ട്രേറ്റിൽ അറിയിക്കുന്നുണ്ടെന്നും നടപടിയാവാത്തതാണ് പ്രശ്നത്തിന് ഇടയാക്കുന്നതെന്നുമാണ് വിവരം. മാത്രമല്ല ജീവനക്കാരുടെ കാലപ്പഴക്കം ചെന്ന് ക്വാട്ടേഴ്സ് പുനർനിർമാണത്തിനായി ഒഴിപ്പിച്ചതു ജീവനക്കാർക്കും തിരിച്ചടിയായി. ഏഴ് ബ്ലോക്കുകളിലായി 68 ക്വാട്ടേഴ്സുകളാണ് ഇവിടെ ഇണ്ടായിരുന്നത്.
ക്വാട്ടേഴ്സുകൾ ബലപ്പെടുത്താനായിരുന്നു തീരുമാനമെങ്കിലും പുതുക്കിപ്പണിയാൻ സെൻട്രൽ പി.ഡബ്ല്യു.ഡി നിർദേശിക്കുകയായിരുന്നു. എന്നാൽ ഇതിന് ഇനിയും ഇ.എസ്.ഐ കോർപറേഷന്റെ അനുമതി ലഭിച്ചിട്ടില്ല. ഇതോടെ ക്വാട്ടേഴ്സ് പുതുക്കിപ്പണിയൽ പ്രവൃത്തി നീളുമെന്ന് ഉറപ്പായി. വിവിധ ജില്ലകളിൽനിന്ന് കോഴിക്കോട്ട് ജോലിയെടുക്കുന്നവരും കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ഇ.എസ്.ഐ ഡിസ്പെൻസറികളിൽ ജോലി ചെയ്യുന്നവർക്കും താമസത്തിനുള്ള സൗകര്യമാണിത്. ഇത് ഒഴിപ്പിച്ചത് കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്നവരെ പ്രതിന്ധിയിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.