യുദ്ധഭൂമിയിൽനിന്ന് ഫാത്തിമ നസ്റീന് നാടിന്റെ തണലിലെത്തി
text_fieldsഎകരൂല്‍: യുക്രെയ്നിലെ ഖാർകിവിൽനിന്ന് ദുരിതപാതകള്‍ താണ്ടി ഉണ്ണികുളം എസ്റ്റേറ്റ്മുക്ക് ശാന്തിനഗര്‍ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിനി വീട്ടിലെത്തി. ഖാർകിവ് വി.എന്‍ കറാസിന്‍ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർഥിനി തേക്കുള്ളകണ്ടി ഫാത്തിമ നസ്റീനാണ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ പ്രതിസന്ധികളെ അതിജീവിച്ച് വീട്ടിലെത്തിയത്.
ബഹറൈനില്‍ ജോലിചെയ്യുന്ന തേക്കുള്ളകണ്ടി ടി.കെ. ഇസ്മയിലിന്റെയും പൂനൂര് ഇഷാഅത്ത് പബ്ലിക് സ്കൂള്‍ അധ്യാപിക സൈഫുന്നിസയുടെയും മകളാണ്. യുദ്ധക്കെടുതികള്‍ മുഖാമുഖം നേരിട്ട ഖാര്‍കിവ് നഗരത്തില്‍നിന്ന് ജീവന് ബാക്കിയായ സന്തോഷത്തിലാണ് നസ്റീനും കുടുംബവും.
യുദ്ധം കേട്ടറിവ് മാത്രമുള്ള നസ്റീനും സഹപാഠികളും ഒരാഴ്ചക്കാലം പ്രാണരക്ഷാര്‍ഥം അലമുറയിട്ട് ബങ്കറുകളിലേക്ക് ഓടേണ്ടിവന്ന ദുരവസ്ഥ വിവരിക്കുമ്പോള്‍ ഭയം വിട്ടുമാറിയിരുന്നില്ല. സർവകലാശാലയുടെ താമസസ്ഥലത്തിനടുത്ത് യുദ്ധം തുടങ്ങിയതോടെ ബങ്കറിലേക്ക് മാറി. ഒരാഴ്ചക്കാലത്തെ ദുരിതങ്ങള്‍ നിറഞ്ഞ ബങ്കര്‍ വാസത്തിനു ശേഷം ഇവരുടെ ഏജന്‍സി തയാറാക്കിയ വാഹനത്തില്‍ 134 പെണ്‍കുട്ടികളോടൊപ്പമാണ് റെയില്‍വേ സ്റ്റേഷനിലും പിന്നീട് 23 മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്ത് ലീവിലും തുടര്‍ന്ന് ബസില്‍ ബുഡപെസ്റ്റിലും എത്തിയത്. യുക്രെയ്നില്‍നിന്ന് അയല്‍രാജ്യമായ ഹംഗറിയിലെത്താന്‍ അനുഭവിച്ച യാതനകള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് നസ്റീന് പറഞ്ഞു.
ബുഡപെസ്റ്റില്‍ മൂന്നു ദിവസത്തെ താമസത്തിനു ശേഷം ഷാര്‍ജ-ന്യൂഡല്‍ഹി-കൊച്ചി വിമാനത്തിലാണ് നാട്ടിലെത്തിയത്. കൊച്ചിയില്‍നിന്ന് സര്‍ക്കാര്‍ ബസില്‍ കോഴിക്കോട് എത്തി വീട്ടുകാരെ കണ്ടതോടെയാണ് സമാധാനമായതെന്നും പ്രതിസന്ധികളില്‍ കൂടെ നിന്നവര്‍ക്കെല്ലാം നന്ദി പറയുന്നതായും നസ്റീന് പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 11നാണ് യുക്രെയ്നിലേക്ക് പോയത്. യുദ്ധം തുടങ്ങിയതു മുതല്‍ ഉറക്കമില്ലാ രാത്രികളായിരുന്നു. തുടർപഠനം എങ്ങനെയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ശാന്തിനഗറിലെ വീട്ടിലുള്ള നസ്റീന് പറഞ്ഞു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ബിലാല്‍ ഷാഫി, എല്‍.കെ.ജി വിദ്യാര്‍ഥിയായ സായിദ് ഇസ്മയിൽ എന്നിവരാണ് നസ്റീന്റെ സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.