തീപിടിത്ത ഭീതി; കോഴിക്കോട് മെഡിക്കൽ കോളജിൽ മാറ്റിവെച്ചത് 40 ചാക്ക് ബ്ലീച്ചിങ് പൗഡർ
text_fieldsകോഴിക്കോട്: സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തത്തെ തുടർന്ന് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽ മരവിപ്പിച്ച് മാറ്റിവെച്ചത് 40 ചാക്ക് ബ്ലീച്ചിങ് പൗഡർ. ഇത് 1000 കിലോയോളം വരും. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ആരോപണവിധേയമായ ബാച്ചുകളിലെ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കരുതെന്നാണ് കെ.എം.എസ്.സി.എൽ നിർദേശിച്ചിരിക്കുന്നത്.
ആശുപത്രികളിൽ എത്തിച്ച ചാക്കുകൾ പൊട്ടിക്കരുതെന്നും ഒരു പാക്കറ്റും പുറത്തുപോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. തീപിടിത്ത ഭീതിയുള്ളതിനാൽ ഇതിന് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണമെന്നും നിർദേശമുള്ളതിനാൽ കോഴിക്കോട് മെഡിക്ക് കോളജിൽ ഇവ പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്.
ഇവ കെ.എം.എസ്.സി.എൽ തിരിച്ചെടുക്കുമെന്നാണ് വിവരം. എന്നാൽ, ഇതുസംബന്ധിച്ച് മെഡിക്കൽ കോളജിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
നേരത്തേ ആശുപത്രിയിൽ ഫാർമസി സ്റ്റോറിൽ സ്റ്റോക്കുള്ള ബ്ലീച്ചിങ് പൗഡറാണ് ഇപ്പോൾ മെഡിക്കൽ കോളജിൽ ദൈനംദിന ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ബ്ലീച്ചിങ് പൗഡറിലെ ഉയർന്ന ക്ലോറിൻ സാന്നിധ്യമാണ് തീപിടിത്തത്തിനു കാരണമെന്നാണ് സൂചന.
കുറഞ്ഞത് 30 ശതമാനം ക്ലോറിൻ സാന്നിധ്യം വേണം എന്നായിരുന്നു കഴിഞ്ഞ വർഷം ജൂലൈയിൽ ക്വട്ടേഷൻ വിളിക്കുമ്പോഴുള്ള നിബന്ധന. രണ്ടുവർഷ കാലാവധിയും നിശ്ചയിച്ചു. രണ്ടുവർഷ കാലാവധിയുള്ള പാക്കറ്റുകളിലാക്കി ഉടൻ എത്തിക്കാമെന്ന ഉറപ്പിലാണ് കമ്പനി വിതരണം ഏറ്റെടുത്തത്.
രണ്ടു വർഷം കാലാവധി ലഭിക്കുന്നതിനുവേണ്ടി ക്ലോറിൻ അളവ് കൂട്ടിയിട്ടിരിക്കാമെന്നും ഇതാണ് തീപിടിത്തത്തിനു കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. തിരുവനന്തപുരം തുമ്പ കിൻഫ്ര, ആലപ്പുഴ വണ്ടാനം എന്നിവിടങ്ങളിലാണ് കെ.എം.എസ്.സി.എൽ ഗോഡൗണുകളിൽ തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ച ഗോഡൗണുകളിലായിരുന്നു തീപിടിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.