മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇനി യു.പി.ഐ മുഖേന ഫീസടക്കാം
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇനി ചികിത്സാ ഫീസുകൾ യു.പി.ഐ ഇടപാടു മുഖേന അടക്കാം. ആശുപത്രി വികസന സമിതിയുടെ കാഷ് കൗണ്ടറിൽ നേരത്തെ പണമായി മാത്രമേ ചികിത്സാ ഫീസുകൾ സ്വീകരിച്ചിരുന്നുള്ളു. ഇത് രോഗികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
സർക്കാർ ഓൺലൈൻ പണവിനിമയത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ യു.പി.ഐ പണമിടപാടിന് സൗകര്യം ഒരുക്കാത്തത് ഏറെ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് മെഡിക്കൽ കോളജിൽ പുറമെ യു.പി.ഐ വഴിയും പണം അടക്കാൻ സൗകര്യം ഒരുക്കിയിരുന്നു.
ആദ്യഘട്ടമെന്ന നിലയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന കാഷ് കൗണ്ടറിൽ ഈ സൗകര്യം ഒരുക്കിയത്. ഇത് വിജയകരമാണെന്ന് അധികൃതർ പറഞ്ഞു. മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ എ.ടി.എം കൗണ്ടറിൽ പണം ഇല്ലാതാവുന്നതും കറൻസിയായി കൈവശം ഇല്ലാത്തവരെ വലച്ചിരുന്നു.
യു.പി.ഐ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തിയതോടെ ഇതിനെല്ലാം പരിഹാരമാവും. അടുത്ത ഘട്ടമായി സൂപ്പർ സ്പെഷാലിറ്റി, പി.എം.എസ്.എസ്.വൈ ബ്ലോക്ക്, ടേർഷ്യറി കാൻസർ സെന്റർ തുടങ്ങിയ സ്ഥലങ്ങളിലും യു.പി.ഐ പേയ്മെന്റ് സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനമാണ് നടത്തുന്നത്.
ആളുകൾ പൂർണമായും യു.പി.ഐ മുഖേന ഇടപാട് നടത്തിയാൽ അതു ഏറെ സൗകര്യപ്രദമാകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.