സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരിൽ പെൺസാന്നിധ്യമേറി
text_fieldsകോഴിക്കോട്: ബ്രാഞ്ച് സെക്രട്ടറിമാരിലെ വനിതകളുടെ എണ്ണം മൂന്നിരട്ടിയിലേറെയാക്കി സി.പി.എം. ജില്ലയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ 345 ഇടത്താണ് വനിതകൾ സെക്രട്ടറിമാരായത്. കഴിഞ്ഞതവണ 111 വനിത സെക്രട്ടറിമാരാണുണ്ടായിരുന്നത്. 15 അംഗങ്ങളിൽ കൂടുതലുള്ള ബ്രാഞ്ചുകളെല്ലാം വിഭജിച്ചതോടെ ആകെ ബ്രാഞ്ചുകളുടെ എണ്ണം 3857ൽനിന്ന് 4192 ആയി ഉയരുകയും ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾ, കുടുംബശ്രീ ഉൾപ്പെടെ സംഘടനകളിൽ പ്രവർത്തിച്ച് കഴിവുതെളിയിച്ചവർ എന്നിവരാണ് വനിത ബ്രാഞ്ച് സെക്രട്ടറിമാരിലേറെ പേരും. പതിവിനു വിഭിന്നമായി ചുരുക്കം സമ്മേളനങ്ങളിൽ മാത്രമാണ് ഇത്തവണ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരമുണ്ടായത്. ജില്ല സെക്രട്ടറി പി. മോഹനെൻറ സഹോദരൻ പി. സുരേന്ദ്രൻ (ചെക്യാട് ബാങ്ക് ഏരിയ ബ്രാഞ്ച്) മത്സരത്തിെൻറ ഭാഗമായത് പാർട്ടിയിൽ ചർച്ചയായി. സുരേന്ദ്രനെ തോൽപിച്ച് കെ. ലിജീഷാണ് ഇവിടെ സെക്രട്ടറിയായത്. വനിതകൾക്കും യുവാക്കൾക്കും മുന്തിയ പരിഗണന നൽകണമെന്ന സംസ്ഥാന നേതൃത്വത്തിെൻറ നിർദേശം പൊതുവെ അംഗീകരിക്കപ്പെട്ടതാണ് പലയിടത്തെയും മത്സരസാഹചര്യം ഒഴിവാക്കിയത്. മൂന്നുതവണ തുടർച്ചയായി സെക്രട്ടറിയായവരെ മാറ്റുകയും ചെയ്തു.
മാത്രമല്ല തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഡയറക്ടർ ബോർഡ് അംഗങ്ങളുമായവർ, മറ്റു മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നവർ എന്നിവരെ സെക്രട്ടറിപദവിയിൽനിന്ന് പരമാവധി ഒഴിവാക്കുകയും ചെയ്തു. മറ്റു രംഗങ്ങളിൽ നിരന്തരം ഇടപെടുന്നവർ സെക്രട്ടറിമാരാവുന്നതോെട പാർട്ടിയുടെ താഴെതട്ടിലെ പ്രവർത്തനം പേരിലൊതുങ്ങുന്നതായുള്ള ആക്ഷേപം നിലനിൽക്കുന്നതിനാലാണിത്. 40,122 പുരുഷന്മാരും 11,465 സ്ത്രീകളും ഉൾപ്പെടെ 51,587 അംഗങ്ങളാണ് ജില്ലയിൽ സി.പി.എമ്മിനുള്ളത്.
ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശിക്കപ്പെട്ടത് സഹകരണ ബാങ്കുകളുടെ 'വട്ടംകറക്കൽ'
കോഴിക്കോട്: സി.പി.എമ്മിെൻറ ബ്രാഞ്ച് സമ്മേളനങ്ങളിൽ പാർട്ടി അംഗങ്ങൾ ഏറെയും വിമർശിച്ചത് സഹകരണ ബാങ്കുകളുടെ 'വട്ടംകറക്കൽ' നിലപാടിനെ. പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മോശം പ്രകടനങ്ങളും ചൂണ്ടിക്കാട്ടപ്പെട്ടു. പാർട്ടി നേതാക്കൾ ഡയറക്ടർമാരും ജീവനക്കാരുമായ സഹകരണ ബാങ്കുകൾ പലതും വായ്പക്കും മറ്റുമെത്തുന്നവരെ സാങ്കേതിക നൂലാമാലകൾ പറഞ്ഞ് 'നടത്തിക്കുന്ന' മനോഭാവത്തിൽനിന്ന് മാറുന്നില്ല എന്നതായിരുന്നു പൊതുവായ വിമർശനം. പ്രളയകാലത്ത് സാധാരണക്കാർക്കായി ആവിഷ്കരിച്ച 'മുഖ്യമന്ത്രിയുടെ സഹായഹസ്തം' പദ്ധതിപോലും നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. പല തദ്ദേശ സ്ഥാപനങ്ങളിലും പാർട്ടിയും ഭരണവും രണ്ടുവഴിക്കാണ്. പാർട്ടിനേതാക്കളുടെയും ജനപ്രതിനിധികളുടെയും ഒരുമിച്ചുള്ള യോഗങ്ങൾ നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നും വിമർശനമുയർന്നു.
ഡി.വൈ.എഫ്.ഐ സ്ത്രീധനവിരുദ്ധ കാമ്പയിൻ നടത്തിയപ്പോൾ പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗം ആർഭാട വിവാഹം നടത്തിയതും കുന്ദമംഗലം ഏരിയ കമ്മിറ്റി ഓഫിസിൽ നിന്ന് പാർട്ടിഫണ്ട് കളവുപോയതും അംഗങ്ങൾ ചോദ്യംചെയ്തു. അതേസമയം, കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട പരസ്യ പ്രതിഷേധത്തിൽ എം.എൽ.എ മുതലുള്ള ജനപ്രതിനിധികൾക്കും പാർട്ടിനേതാക്കൾക്കുമെതിരായ കൂട്ട അച്ചടക്കനടപടി പൊതുവെ സ്വാഗതംചെയ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.