ഫറോക്കിൽ പുതിയ പാലത്തിന് 55 കോടിയുടെ ഭരണാനുമതി
text_fieldsഫറോക്ക്: പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 55 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. സേതുബന്ധൻ പദ്ധയിലുൾപ്പെടുത്തി സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സി.ഐ.ആർ.എഫ്) സംസ്ഥാനത്ത് ഏഴു പാലങ്ങൾക്കായി 167 കോടി രൂപയാണ് അനുവദിച്ചത്.
ചാലിയാറിന് കുറുകെ പഴയ പാലത്തിന് സമാന്തരമായി നിലവിലെ പാലത്തിന്റെ കിഴക്കുഭാഗത്തായി ആധുനിക രീതിയിൽ എക്സ്ട്രാ ഡോസ് കേബിൾ രീതിയിലുള്ള പാലമാണ് നിർമിക്കുക. പുഴയിലെ നീരൊഴുക്കിനും ജലഗതാഗതത്തിനും തടസ്സമില്ലാതെ മൂന്നു സ്പാനോടുകൂടി 280 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുക. 15 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 150 മീറ്റർ അപ്രോച്ച് റോഡും നിർമിക്കും.
പാലത്തിൽ ഇരുഭാഗത്തും കേബിൾ ഡെറ്റോടുകൂടിയ നടപ്പാതയും നിർമിക്കും. പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിനാണ് നിർമാണച്ചുമതല. 18 മാസമായിരിക്കും നിർമാണ കാലാവധി. നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം പ്രവൃത്തിയാരംഭിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ് നിലവിലുള്ള പാലം. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ പാലം ഈയിടെയാണ് നവീകരിച്ചത്.
ടൂറിസം പ്രാധാന്യംകൂടി കണക്കിലെടുത്താണ് പഴയ പാലം നിലനിർത്തുന്നത്. സമാന്തര പാലം വരുന്നതോടെ നിലവിലുള്ള പാലത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.