കൂട്ടായി മനക്കരുത്ത് കൈകാലുകൾ ബന്ധിച്ചിട്ടും ആദിൽ നീന്തിക്കയറിയത് ചരിത്രത്തിലേക്ക്
text_fieldsഫറോക്ക്: കൈകാലുകൾ ഇരുമ്പുചങ്ങലയാൽ പൂട്ടിക്കെട്ടി ജനസാഗരം സാക്ഷിയാക്കി ആദിൽ എന്ന 21കാരൻ ചാലിയാറിൽ നീന്തിക്കയറിയത് ചരിത്രത്തിലേക്ക്. കടൽകണക്കെ തിരയടിക്കുന്ന പുഴ. ഒരു കിലോമീറ്ററിലേറെ വീതി. ആഴം തിട്ടപ്പെടുത്താൻ പലർക്കും കഴിയാത്തത് ചരിത്രം. ആ പുഴയിലേക്ക് കൈകാലുകൾ സ്വയം ചലിപ്പിക്കാൻ പോലും പറ്റാത്തവിധം ബന്ധിച്ച് ആദിലിനെ ഇറക്കിയപ്പോൾ കാണികളിൽ പലരുടെയും മുഖത്ത് ആശങ്ക. ചിലരുടെ കണ്ണുകളിൽ വിസ്മയം. ആദിൽ അനായാസം നീന്തവേ തിരമാലകളെ വകഞ്ഞുമാറ്റി സുരക്ഷയൊരുക്കി ബോട്ടുകൾ പിന്നാലെ.
ബേപ്പൂർ ജങ്കാർ ജെട്ടി പരിസരത്തുനിന്ന് 5.15ന് സാഹസിക നീന്തൽ തുടങ്ങിയ ആദിൽ ഇക്കരെ ചാലിയം തീരദേശ പൊലീസ് സ്റ്റേഷൻ പരിസരത്ത് ലക്ഷ്യത്തിലേക്ക് നീന്തിയെത്തിയപ്പോൾ സമയം 5.36. അതായത് ചാലിയാർ നീന്തിക്കടക്കാനെടുത്തത് വെറും 21 മിനിറ്റ്. ലോക റെക്കോഡാണ് ആദിലിന്റെ ലക്ഷ്യം.
ഞായറാഴ്ച നടന്നത് ട്രയൽസ് ആണ്. വിഡിയോ ചിത്രീകരിച്ചത് ലോക റെക്കോഡുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിക്ക് കൈമാറും. അവരുടെ സാന്നിധ്യത്തിൽ പിന്നീട് ലോക റെക്കോഡ് ലക്ഷ്യംവെച്ച് സാഹസിക നീന്തൽ നടത്തും. പക്ഷേ, നടത്തിപ്പ് ചെലവായ അഞ്ചു ലക്ഷം രൂപ എങ്ങനെ ലഭിക്കുമെന്ന ആലോചനയിലാണ് ആദിലിന്റെ മാതാപിതാക്കളായ ചാലിയം പാതിരിക്കാട് മാളിയേക്കൽ അബ്ദുല്ലക്കുട്ടിയും റസീനയും. ബേപ്പൂരിലെ ജങ്കാർ ജെട്ടിയിൽനിന്ന് തുടങ്ങി കോടമ്പുഴ വരെയുള്ള 4.68 കി.മീ. മൂന്നു മണിക്കൂർകൊണ്ട് നീന്തിയുള്ള റെക്കോഡും ആദിലിനുണ്ട്. പക്ഷേ, ചില സാങ്കേതിക കാരണങ്ങളാൽ അന്ന് ഗിന്നസിൽ ഇടംപിടിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.