കുഞ്ഞുങ്ങൾക്ക് പോഷകാഹാരവുമായി ‘അമൃതം’
text_fieldsഫറോക്ക്: നല്ലൂരിലുള്ള അമൃതം ഫുഡ് പ്രൊഡക്ട്സിന് ഇപ്പോൾ 17 വയസ്സ്. 2006ലായിരുന്നു രണ്ട് അയൽക്കൂട്ടങ്ങൾ തേജസ്സ്, മൈത്രി എന്ന പേരിൽ സ്ഥാപിതമായത്. ആകെ 12 അംഗങ്ങൾ. ഇപ്പോൾ ആറ് അംഗങ്ങളുടെ കൂട്ടായ്മയിൽ ശ്രേയസ്സ് യൂനിറ്റ് മാത്രം. ആറു മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമൃതം പിറവിയെടുത്തത്.
തുടക്കത്തിൽ ഓരോ യൂനിറ്റിനും കാൽ ലക്ഷം രൂപ വീതം ഗ്രാമീൺ ബാങ്ക് വായ്പ ലഭിച്ചു. കുടുംബശ്രീ ജില്ല മിഷന്റെ വകയായി ഓരോ യൂനിറ്റിനും 5000 രൂപ സബ്സിഡിയും ലഭിച്ചു. വായ്പ കാലാവധിക്കുള്ളിൽതന്നെ അടച്ചുതീർത്തു. കൂടാതെ, പലിശരഹിത വായ്പയായി സർക്കാറിൽനിന്ന് ലഭിച്ച ഒരു ലക്ഷം രൂപ മുതൽമുടക്കിൽ ഉൽപാദനയന്ത്രങ്ങൾ വാങ്ങി.
തുടക്കത്തിൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്നെങ്കിലും ഫുഡിൽ ചേർക്കേണ്ട ഭക്ഷ്യവസ്തുക്കൾക്ക് വില വർധിച്ചതോടെ ലാഭം കുറഞ്ഞിട്ടുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു. 500 ഗ്രാം അമൃതം പൊടിയുടെ വില 73 രൂപ. മാസത്തിൽ 5500 കിലോ വിറ്റഴിയുന്നു. ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലും പെരുമണ്ണ പഞ്ചായത്തിന്റെ പരിധിയിലുമുള്ള അംഗൻവാടികളിലേക്ക് ഐ.സി.ഡി.എസ് മുഖേനയുമാണ് അമൃതം വിതരണം ചെയ്യുന്നത്.
പഞ്ചസാര, സോയബീൻ, കടല പരിപ്പ്, നിലക്കടല, ഗോതമ്പ് എന്നിങ്ങനെ അഞ്ചിനങ്ങളാണ് ചേരുവ. ഇതിൽ ഗോതമ്പ് മൂന്നു മാസം കൂടുമ്പോൾ സബ്സിഡി നിരക്കിൽ എഫ്.സി.ഐ ഗോഡൗണിൽനിന്ന് ലഭിക്കും. ബാക്കി നാലിനം പൊതുവിപണിയിൽനിന്ന് വാങ്ങണം.
ഗോതമ്പ്, നിലക്കടല, കടലപ്പരിപ്പ്, സോയബീൻ എന്നിവ കഴുകി ഉണക്കി പൊടിച്ചു വറുത്തെടുത്ത് പഞ്ചാസാര കൂടി ചേർത്താണ് അമൃതം തയാറാക്കുന്നത്. ഫറോക്ക് മുനിസിപ്പാലിറ്റി കെട്ടിടത്തിൽ വാടകക്കാണ് പ്രവർത്തനം. പി. ശാലിനി, എ. പ്രബീന, സി.പി. ഷെറീന, എ. അജിതകുമാരി, എം. ബിന്ദു, ടി. വിമല എന്നിവരാണ് അംഗങ്ങൾ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.