ഫറോക്ക് പഴയ പാലത്തിൽ വീണ്ടും അപകടം
text_fieldsഫറോക്ക്: പഴയ പാലത്തിൽ വീണ്ടും അപകടം. ശബരിമല തീർഥാടകരുമായി വന്ന ബസാണ് പാലത്തിന്റെ കമാനത്തിൽ ഇടിച്ചു തകർന്നത്. കർണാടകയിൽനിന്നെത്തിയ തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കമാനത്തിൽ ഇടിച്ച് ബസിന്റെ മുകൾഭാഗം പൂർണമായി തകർന്ന നിലയിലാണ്. 30 തീർഥാടകർ വാഹനത്തിലുണ്ടായിരുന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ച പഴയ പാലത്തിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. പാലത്തിന്റെ ഉദ്ഘാടനം വലിയ ആഘോഷമായാണ് നടന്നത്.
എന്നാൽ, രണ്ട് ബസുകൾക്ക് ഒരേസമയം കടന്നുപോകാൻ ഇടമില്ലാത്ത പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാണ്. പാലത്തിന്റെ പ്രവേശന ഭാഗത്തെ ഇരുമ്പ് ചട്ടക്കൂടിന് താഴെയായി അശാസ്ത്രീയമായ രീതിയിൽ സ്ഥാപിച്ച സുരക്ഷാ കവചമാണ് ഇപ്പോൾ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് വിനയാവുന്നത്.
നവീകരണത്തിന് മുമ്പ് ഈ ഇരുമ്പ് കവചമില്ലായിരുന്നു. നവീകരണത്തിന് ശേഷമാണ് പാലത്തിന്റെ ഇരുഭാഗത്തും പ്രവേശനഭാഗത്ത് തന്നെ കവചം സ്ഥാപിച്ചിരിക്കുന്നത്. ഇതുവഴി കഴിഞ്ഞ കാലങ്ങളിൽ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസുകളടക്കമുള്ള വാഹനങ്ങളാണ് ഇപ്പോൾ അപകടത്തിൽപെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.