ഉപജില്ല കലോത്സവത്തിന് ബുധനാഴ്ച തുടക്കം
text_fieldsഫറോക്ക്: ഉപജില്ല കലോത്സവത്തിന് ഇന്ന് തുടക്കം. ഫറോക്ക് ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവം വെള്ളിയാഴ്ച സമാപിക്കും. ഒമ്പതു വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഒന്നു മുതൽ അഞ്ചുവരെ വേദികൾ ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മെയിൻ കോമ്പൗണ്ടിലും ആറ്, ഏഴ് വേദികൾ യു.പി ബ്ലോക്കിലുമാണ് സജ്ജീകരിക്കുന്നത്. വേദി എട്ട് ജി.ഡബ്ല്യു.എൽ.പി സ്കൂളിലും വേദി ഒമ്പത് നല്ലൂർ ജി.എൽ.പി സ്കൂളിലുമാണ്.
സ്റ്റേജിതര ഇനങ്ങളുടെ മത്സരങ്ങൾ കഴിഞ്ഞ ഒമ്പതിന് പൂർത്തിയായിരുന്നു. 78 ഇനങ്ങളിലായി 884 കുട്ടികൾ പങ്കെടുത്തു. കടലുണ്ടി ഗ്രാമപഞ്ചായത്ത്, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂർ-നല്ലളം, ബേപ്പൂർ മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഫറോക്ക് ഉപജില്ല.
36 എൽ.പി, 16 യു.പി, 11 ഹൈസ്കൂൾ, ഒമ്പത് ഹയർ സെക്കൻഡറി സ്കൂൾ, രണ്ട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിങ്ങനെ ഉപജില്ലയിലെ 74 വിദ്യാലയങ്ങളിൽനിന്ന് തിരഞ്ഞെടുത്ത പ്രതിഭകളാണ് മാറ്റുരക്കുന്നത്. എൽ.പി വിഭാഗത്തിൽ ക്ലസ്റ്റർതല വിജയികളാണ് ഉപജില്ലയിൽ മത്സരിക്കുക.
ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.ടി. കുഞ്ഞിമൊയ്തീൻ കുട്ടി പതാക ഉയർത്തും. ഓഫ് സ്റ്റേജ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ വിതരണം ചെയ്യും. മേളയുടെ ഔപചാരിക ഉദ്ഘാടനം 17ന് രാവിലെ 11 മണിക്ക് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിക്കും.
18ന് വൈകീട്ട് അഞ്ചു മണിക്ക് സമാപന സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. രാമനാട്ടുകര നഗരസഭ അധ്യക്ഷ ബുഷ്റ റഫീഖ് അധ്യക്ഷത വഹിക്കും. റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എം. അനിൽ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ് കുമാർ, ജില്ല വിദ്യാഭ്യാസ ഓഫിസർ കെ.പി. ധനീഷ്, അസി. പൊലീസ് കമീഷണർ എ.എം. സിദ്ദീഖ് എന്നിവർ സമ്മാനവിതരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.