ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിലെ രണ്ട് ഏക്കർ ആവശ്യപ്പെട്ട് ബെവ്കോ
text_fieldsഫറോക്ക്:പൂട്ടിക്കിടക്കുന്ന ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിലെ രണ്ട് ഏക്കർ സ്ഥലം ഗോഡൗണിനായി ആവശ്യപ്പെട്ട് ബെവ്കോ. പാട്ടത്തിനോ അല്ലെങ്കിൽ, വാടകക്കോ ആണ് സ്റ്റീൽ കോംപ്ലക്സ് പരിസരം ബിവറേജസ് കോർപറേഷൻ ആവശ്യപ്പെട്ടത്.
സ്റ്റീൽ കോംപ്ലക്സ് പുനരുദ്ധാരണപദ്ധതി സംസ്ഥാന സർക്കാർ പരിശോധിച്ചുവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുംവരെ കമ്പനിയിലെ 30 ഏക്കർ സ്ഥലത്തിൽ രണ്ട് ഏക്കർ ബിവറേജസ് കോർപറേഷന് ചോദിച്ചത്. ബെവ്കോ തന്നെ വെയർഹൗസുകളും ഗോഡൗണുകളും ഓഫിസ് സൗകര്യവും ഒരുക്കും.
25,000 ചതുരശ്ര അടി ഗോഡൗൺ സൗകര്യവും 3000 ചതുരശ്ര അടി ഓഫിസ് സൗകര്യവും കുറഞ്ഞത് 25 ലോറികൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും ബെവ്കോക്ക് നൽകാൻ തയാറുണ്ടോ എന്ന് ചോദിച്ച് ബെവ്കോ സി.എം.ഡി സെയിൽ സ്റ്റീൽ കോംപ്ലക്സ് എം.ഡിക്ക് കത്തയിച്ചിരുന്നുവെങ്കിലും അനുകൂല പ്രതികരണം സ്റ്റീൽ കോംപ്ലക്സിൽനിന്ന് ഉണ്ടായിട്ടില്ല. സർക്കാറിന്റെ അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബെവ്കോ അധികൃതർ. തരിശ്ശായി കിടക്കുന്ന സ്ഥലം ബെവ്കോക്ക് നൽകിയാൽ സ്റ്റീൽ കോംപ്ലക്സ് തൊഴിലാളികൾക്ക് താൽക്കാലിക ഉപജീവനമാർഗമാവുമെന്നാണ് തൊഴിലാളി സംഘടനകളുടെ വിലയിരുത്തൽ.
സ്റ്റീൽ കോംപ്ലക്സ് പുനരുദ്ധാരണ പദ്ധതി നടപ്പാകും വരെ ഇക്കാര്യത്തിൽ ഇടപെട്ട് തൊഴിലാളികളെ താൽക്കാലികമായി രക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെയിൽ-എസ്.സി.എൽ തൊഴിലാളി ഏകോപനസമിതി കൺവീനർ സർക്കാറിന് കത്തയച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.