ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ഓളം കൂട്ടാൻ പായ്വഞ്ചിയോട്ട മത്സരവും
text_fieldsഫറോക്ക്: ബേപ്പൂർ ഫെസ്റ്റിലെ വാട്ടർ സ്പോർട്സ് ഇനങ്ങളിൽ മുഖ്യ ആകർഷണമായി പായ് വഞ്ചിയോട്ട മത്സരം. അഞ്ച് ദിവസം നീളുന്ന ജലമേള ബേപ്പൂർ മറീന ബീച്ചിലാണ് നടക്കുക. കേരള ടൂറിസം വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. പായ് വഞ്ചിയോട്ട മത്സരം ഡിസംബർ 27, 28 തീയതികളിൽ നടക്കും. 27ന് രാവിലെ 10.30ന് മത്സരം ആരംഭിക്കും.
ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് ക്ലബാണ് മേളയിലെ സാഹസിക വാട്ടർ സ്പോർട്സ് മത്സരങ്ങൾ നടത്തുന്നത്. ഇന്ത്യൻ നേവി റിട്ട. കമാൻഡർ അഭിലാഷ് ടോമിയാണ് ഇവന്റ് ക്യൂറേറ്റർ. ഈ വർഷത്തെ പായ് വഞ്ചിയോട്ട മത്സരത്തിന് പ്രമുഖ ഇന്ത്യൻ സെയിലിങ് താരവും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ ശ്വേത ഷെർവെഗർ പരിശീലിപ്പിച്ച 15ഓളം പെൺകുട്ടികളുമെത്തുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെയും കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെയും ഹൈസ്കൂൾ പ്ലസ് ടു വിഭാഗങ്ങളിലെ 30 പെൺകുട്ടികളെയാണ് ശ്വേത സെയിലിങ് പരിശീലിപ്പിച്ചത്.
ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബിന്റെ സഹകരണത്തോടെയായിരുന്നു പരിശീലനം. ഇവരിൽ 15 പേരാണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നത്. ഈ വർഷം ഇരുപതിലധികം സെയിലിങ് ബോട്ടുകളാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് ജെല്ലിഫിഷ് വാട്ടർ സ്പോർട്സിന്റെ സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക പറഞ്ഞു.
കഴിഞ്ഞ തവണ 15 വയസ്സിൽ താഴെയുള്ളവർക്കായി ഒപ്റ്റിമിസ്റ്റ്, 18 വയസ്സിന് താഴെയുള്ളവർക്കായി ടോപ്പർ ക്ലാസ് വിഭാഗങ്ങളിലായിരുന്നു മത്സരം. ഇത്തവണ മുതിർന്നവർക്കായി ലേസർ രണ്ട് വിഭാഗത്തിലുള്ള മത്സരവും നടത്തും. ഓരോ വിഭാഗത്തിലും മൂന്ന് മത്സരങ്ങൾ വീതമാണ് ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.