ഓട്ടുകമ്പനി എം.ഡിയുടെ വീടിനു നേരെ ബോംബാക്രമണം
text_fieldsചെറുവണ്ണൂർ: സ്റ്റാൻഡേഡ് ഓട്ടുകമ്പനി മാനേജിങ് ഡയറക്ടർ പി. സുബ്രഹ്മണ്യൻ നായരുടെ വീടിനു നേരെ ബോംബാക്രമണം. തിങ്കളാഴ്ച അർധരാത്രിയിലാണ് അജ്ഞാതർ വീടിന് പെട്രോൾ ബോംബെറിഞ്ഞത്. വലിയ ശബ്ദത്തിൽ ബോംബ് പൊട്ടി ചില്ലുകൾ മുറ്റത്തും സിറ്റ് ഔട്ടിലും ചിതറിക്കിടന്നു. ശബ്ദം കേട്ട് വീട്ടിലുള്ളവർ ഉണർന്നു പുറത്തുവന്നപ്പോഴേക്കും അക്രമികൾ ഓടി മറഞ്ഞു. പെട്രോൾ മണമുള്ള തുണിയും മുറ്റത്ത് നിന്നു കണ്ടെടുത്തു.
വീടിെൻറ മുന്നിലുണ്ടായിരുന്ന ബൈക്കിനടുത്താണ് സ്ഫോടനമുണ്ടായത്. ഫറോക്ക് അസി. കമീഷണർ എം. സിദ്ദീഖ്, നല്ലളം സി.ഐ കൃഷ്ണൻ കെ. കാളിദാസ് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, സംസ്ഥാന കൗൺസിൽ അംഗം എം. നാരായണൻ മാസ് റ്റർ, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി പി.കെ. നാസർ, സി.പി.ഐ ബേപ്പൂർ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ്, ജില്ലാക്കമ്മിറ്റിയംഗം പിലാക്കാട്ട് ഷൺമുഖൻ എന്നിവർ വീട് സന്ദർശിച്ചു. സി.പി.എം, സി.ഐ.ടി.യു പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് എ.ഐ.ടി.യു.സി നേതാക്കൾ പറഞ്ഞു.
സി.പി.ഐ കല്ലമ്പാറ ബ്രാഞ്ച് സെക്രട്ടറിക്കുനേരെ ആക്രമണം
ഫറോക്ക്: സി.പി.ഐ കല്ലമ്പാറ ബ്രാഞ്ച് സെക്രട്ടറി ബഷീർ നാലകത്തിനുനേരെ ആക്രമണം. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് നല്ലൂർ ജി.ജി.യു.പി സ്കൂളിനു സമീപത്തുവെച്ചായിരുന്നു സംഭവം. ഒരു സംഘമാളുകൾ ചേർന്ന് അദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. തലക്കും കണ്ണിനും പരിക്കേറ്റ ഇദ്ദേഹം ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം സ്റ്റാൻഡേർഡ് കമ്പനിയിലെ അക്രമത്തിൽ പ്രതിഷേധിച്ച് ഫറോക്കിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തത് ചോദ്യം ചെയ്തായിരുന്നു കൈയേറ്റമെന്നും സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും ബഷീർ പറഞ്ഞു. കണ്ണടയും ഫോണും കൈയേറ്റത്തിൽ തകർന്നു.
സമീപകാലത്താണ് ബഷീറിെൻറ നേതൃത്വത്തിൽ ഒരു സംഘമാളുകൾ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നത്. കൈയേറ്റത്തിനെതിരെ സി.പി.ഐ ഫറോക്ക് പൊലീസിൽ പരാതി നൽകി. ബഷീർ നാലകത്തിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.ഐ കല്ലമ്പാറ അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. എ.ടി. റിയാസ് അഹമ്മദ്, ജയശങ്കർ കിളിയൻകണ്ടി, ഷാജു കല്ലമ്പാറ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.