ഫറോക്ക് ടിപ്പുകോട്ടയിൽ നിന്ന് വെടിയുണ്ടകളും തീക്കല്ലുകളും കണ്ടെത്തി
text_fieldsഫറോക്ക്: ഫറോക്കിലെ ടിപ്പുസുൽത്താൻ കോട്ടയിൽനിന്ന് അദ്ദേഹത്തിെൻറ കാലത്തേതെന്ന് കരുതുന്ന വെടിയുണ്ടകളും തോക്കിൻ തീക്കല്ലുകളും കണ്ടെത്തി. ടിപ്പുകോട്ടയിൽ പുരാവസ്തു വകുപ്പിെൻറ നേതൃത്വത്തിൽ നടന്നുവരുന്ന ഉത്ഖനനത്തിലാണ് ചൊവ്വാഴ്ച ഏറെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന പുരാവസ്തുക്കൾ കണ്ടെടുത്തത്.
ഈയത്തിൽ നിർമിച്ച വിവിധ വലുപ്പങ്ങളിലുള്ള വെടിയുണ്ടകൾക്ക് നല്ല ഭാരമുണ്ട്. തോക്കുകളിൽ തീപ്പൊരിയുണ്ടാക്കാനാണ് തീക്കല്ലുകൾ അക്കാലത്ത് ഉപയോഗിച്ചിരുന്നത്. ഇത്തരം കല്ലുകളുടെ നിരവധി ചീളുകൾ ലഭിച്ചിട്ടുണ്ട്. കോട്ടയുടെ തെക്കുഭാഗത്തുനിന്നാണ് ഇവ കണ്ടെത്തിയത്. ഇരുമ്പിലും ഈയത്തിലും നിർമിച്ച നിരവധി ആയുധഭാഗങ്ങളും ലഭിച്ചു. ടിപ്പുവിെൻറ ആയുധപ്പുരയാവും ഇവിടം എന്ന നിഗമനത്തിലണ് പുരാവസ്തു വകുപ്പ് അധികൃതർ. കോട്ടയിലെ പടികളോടുകൂടിയ കിണറും പടികളില്ലാത്ത കിണറും പൂർണമായും ശുചീകരിച്ചിട്ടുണ്ട്. ബുധനാഴ്ച മൂന്നാമത്തെ കിണർ ശുചീകരിക്കും.
കോട്ടയുടെ ഉൾഭാഗത്തും കോട്ടക്ക് പുറത്തും പരിശോധന നടത്തിയതിൽ സൂചകങ്ങൾ കണ്ട 60 ഓളം സ്ഥലങ്ങളിൽ സർവേ ഉദ്യോഗസ്ഥർ മാർക്ക് ചെയ്തിരിക്കുകയാണ്. ഇവിടങ്ങളിൽ പരിശോധന പുരാവസ്തു വകുപ്പ് നടത്തും. മൂന്നു മീറ്റർ വരെയുള്ള ആഴങ്ങളാണ് ഉപകരണത്തിൽ മനസ്സിലാവുക. കോടതി വിധിയെ തുടർന്ന് ഒക്ടോബർ ഒമ്പത് മുതൽ പുരാവസ്തു വകുപ്പ് ഫറോക്കിലെ ടിപ്പുകോട്ടയിൽ ഉത്ഖനനം നടത്തുന്നുണ്ട്. മലബാർ സർവേ ഫീൽഡ് അസിസ്റ്റൻറ് കെ. കൃഷ്ണരാജിെൻറ നേതൃത്വത്തിലുള്ള സംഘത്തിൽ പുരാവസ്തു വകുപ്പ് പഴശ്ശിരാജ മ്യൂസിയം ആർട്ടിസ്റ്റ് കെ.എസ്. ജീവമോൾ, എം. കനകൻ തുടങ്ങിയവരുമുണ്ട്.
സംരക്ഷിത സ്മാരകത്തിലെ ചരിത്ര സ്മാരകങ്ങൾ കൂടുതൽ കേടുപാടുകൾ വരാതെ സംരക്ഷിക്കാനും കോട്ടയിലെ 5.61 ഏക്കർ ഭൂമിയിലെ ഉത്ഖനന സാധ്യത പരിശോധിച്ച് പര്യവേക്ഷണം നടത്താനുമുള്ള അനുമതിയാണ് പുരാവസ്തു വകുപ്പിന് കോടതിനൽകിയത്. ഇതിെൻറ പശ്ചാത്തലത്തിലാണ് പുരാവസ്തു വകുപ്പ് സംഘം കോട്ടയിൽ എത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.