അർധരാത്രി വീട്ടിൽ അതിക്രമിച്ചുകയറി കാറും സ്കൂട്ടറും അഗ്നിക്കിരയാക്കിയ സംഭവം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേർ പിടിയിൽ
text_fieldsഫറോക്ക്: വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും കത്തിച്ച സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടു പേർ പിടിയിൽ. ചെറുവണ്ണൂർ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിന്റെ വീട്ടിലേക്ക് രാത്രിയിൽ അതിക്രമിച്ചുകയറി വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും പെട്രോളൊഴിച്ച് തീവെച്ച കേസിലെ മുഖ്യപ്രതി ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ സുൽത്താൻ നൂർ (22), കത്തിക്കാനായി നിർദേശം കൊടുത്ത സി.പി.എം ചെറുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി, ചെറുവണ്ണൂർ കണ്ണാട്ടിക്കുളം ഊട്ടുകളത്തിൽ സജിത്ത് (34) എന്നിവരെയാണ് ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ കീഴിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രി യുവാവ് വീട്ടുവളപ്പിൽ പെട്രോൾ നിറച്ച മൂന്നു കുപ്പികളുമായി കയറുന്നതും കാറിലും സ്കൂട്ടറിലും പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഓടിരക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസിന് ലഭിച്ചിരുന്നു. സംഭവസമയത്ത് വീട്ടിൽ പ്രായമായ അമ്മയുൾപ്പെടെ മൂന്നു പേരാണ് ഉണ്ടായിരുന്നത്.
നാട്ടുകാർ വാഹനങ്ങൾ അഗ്നി വിഴുങ്ങുന്നത് കാണുകയും സമയോചിതമായി ഇടപെട്ടതിനാലുമാണ് വീട്ടിലേക്ക് പടരുന്നത് തടഞ്ഞതും വൻ ദുരന്തം ഒഴിവായതും. മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ കെടുത്തിയത്. ജില്ല പൊലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം പൊലീസും സ്പെഷൽ ആക്ഷൻ ഗ്രൂപ്പും സമീപ പ്രദേശങ്ങളിലെയും പെട്രോൾ പമ്പുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതിയെ കുറിച്ച് സൂചന ലഭിച്ചു.
സുൽത്താനെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ സജിത്ത് തന്റെ സ്വാധീനം ഉപയോഗിച്ച് വയനാട്ടിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.
നല്ലളം പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട സുൽത്താന് അടിപിടി കേസുകളും ലഹരിമരുന്ന് കേസുകളും നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് സജിത്തിന്റെ നിർദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചത്. പിന്നീട് സജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദിച്ചതോടെ സുഹൃത്തിനെ സ്വത്തുതർക്കത്തിന്റെ പേരിൽ മർദിച്ചതിന്റെ പ്രതികാരമായാണ് കുറ്റകൃത്യത്തിനായി സുൽത്താനെ ഏൽപിച്ചതെന്ന് പൊലീസിനോട് പറഞ്ഞു.
സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് ഫറോക്ക് അസിസ്റ്റൻറ് കമീഷണർ എ.എം. സിദ്ദീഖ് പറഞ്ഞു.
സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സിവിൽ പൊലീസ് ഓഫിസർ എ.കെ. അർജുൻ, നല്ലളം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ എം.കെ. രഞ്ജിത്ത്, എം. രവി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സി. തഹ്സിം, രഞ്ജിത്ത്, ഡ്രൈവർ സി.പി.ഒ അരുൺ ഘോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
തീവെപ്പുമായി ബന്ധമില്ല -സി.പി.എം
ഫറോക്ക്: ചെറുവണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ചതിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം ഏരിയ കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായവരെയും പാർട്ടിയെയും ബന്ധപ്പെടുത്തിയുള്ള വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണ്.
വർഷങ്ങളായി നിലനിൽക്കുന്നതും സുപ്രീംകോടതി വരെയെത്തിയതുമായ കുടുംബ സ്വത്തുതർക്കങ്ങളുടെ ഭാഗമായി ബന്ധുക്കളായ രണ്ടു കുടുംബങ്ങൾ തമ്മിൽ നേരത്തേയുണ്ടായ അക്രമസംഭവങ്ങളുടെ തുടർച്ചയാകാം തീവെപ്പ് ഉൾപ്പെടെയുള്ള സംഭവങ്ങൾ.
സംഭവത്തിൽ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പാർട്ടി നിലപാട്. പൊലീസ് അന്വേഷണത്തിലും സി.പി.എം ഇടപെട്ടിട്ടില്ല. സംഭവങ്ങളുമായി ബന്ധം പുലർത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അറസ്റ്റിലായവരെയും പാർട്ടിയെയും കൂട്ടിയിണക്കിയുള്ള പ്രചാരണം തെറ്റിദ്ധാരണയുണ്ടാക്കാനാണെന്നും ഏരിയ സെക്രട്ടറി ടി. രാധ ഗോപി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.