കരുവൻതിരുത്തി ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം
text_fieldsഫറോക്ക്: കരുവൻതിരുത്തി സർവിസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ സംഘർഷം. സി.പി.എം നേതൃത്വത്തിൽ വ്യാപക തോതിൽ കള്ളവോട്ടും ബൂത്ത് പിടിത്തവും നടത്തിയതായി യു.ഡി.എഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കടലുണ്ടി റോഡ് ഉപരോധിച്ചു.
ശനിയാഴ്ച പുലർച്ചെതന്നെ ചാലിയം, ബേപ്പൂർ, ഒളവണ്ണ, കോഴിക്കോട് പ്രദേശങ്ങളിൽനിന്ന് സി.പി.എം പ്രവർത്തകർ വ്യാജ ഐഡി കാർഡുമായി വന്ന് വോട്ടെടുപ്പ് നടക്കുന്ന ഫറോക്ക് ജി.വി.എച്ച്.എസ്.എസിൽ എത്തി വോട്ട് ചെയ്തെന്നാണ് യു.ഡി.എഫ് ആരോപണം.
സ്ഥലത്തില്ലാത്തവരും, ഐഡി കാർഡ് വാങ്ങാത്തവരുമായ അംഗങ്ങളുടെ പേരിൽ സി.പി.എം പ്രവർത്തകർക്ക് വ്യാജ ബാങ്ക് തിരച്ചറിയൽ നൽകിയാണ് കള്ളവോട്ടിനു കളമൊരുക്കിയത്. ബാങ്ക് സെക്രട്ടറിയാണ് ഇതിനുവേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുത്തതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
കൃത്രിമം റിട്ടേണിങ് ഓഫിസറെയും പൊലീസ് അധികാരികളെയും അറിയിച്ചു. എന്നാൽ, ബാങ്ക് കാർഡിനോടൊപ്പം മറ്റൊരു തിരിച്ചറിയൽ രേഖ കൂടി ഹാജരാക്കാൻ നിർദേശമുണ്ടെന്നും അതു പാലിക്കുമെന്നും റിട്ടേണിങ് ഓഫിസർ ഉറപ്പുനൽകി.
സി.പി.എം ഇതിനു സമ്മതിക്കാതിരുന്നതോടെയാണ് പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധം യു.ഡി.എഫും പ്രവർത്തകരും സി.പി.എമ്മുകാരും തമ്മിൽ സംഘർഷത്തിലേക്ക് നയിച്ചു. പൊലീസെത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെയും ൈകയേറ്റ ശ്രമമുണ്ടായി.
കഴിഞ്ഞ ഭരണ സമിതി പ്രസിഡൻറിനും സെക്രട്ടറിക്കുമെതിരെ ഭരണസമിതി അംഗങ്ങളുൾെപ്പടെ നൽകിയ കേസുകൾ ഹൈകോടതിയിൽ മുതൽ ആർബിറ്റേഷൻ കോടതിയിൽ വരെ നിലനിൽക്കുകയാണ്. ശക്തമായ നിയമ പോരാട്ടം നടത്തുമെന്നും ജനകീയ കോടതിയിൽ കുറ്റക്കാരെ വിചാരണക്ക് വിധേയമാക്കുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻ വി. മുഹമ്മദ് ബഷീർ, കൺവീനർ കെ.എ. വിജയൻ, പി. ബൈജു, വീരാൻ വേങ്ങാട്ട്, എം.കെ. അബൂബക്കർ, തസ്വീർ ഹസൻ, ഷാജി പറശ്ശേരി, മധു ഫറോക്ക്, സി.എച്ച്. സൈതലവി, കെ. കൃഷ്ണകുമാർ, സലാം മാട്ടുമ്മൽ, മോഹനൻ പള്ളിയാളി എന്നിവർ സംസാരിച്ചു.
അതേസമയം, യു.ഡി.എഫിലുള്ള അനൈക്യമാണ് അവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ കാരണമെന്ന് സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി എം. ഗിരീഷ് പറഞ്ഞു.
20 വർഷമായി കരുവൻതിരുത്തി ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.എം മത്സരിക്കാറില്ല. യു.ഡി.എഫുകാർ തമ്മിൽ മത്സരിക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.