ഫറോക്കിലെ ടിപ്പു കോട്ടയിൽനിന്ന് ഇംഗ്ലണ്ട് നാണയം കണ്ടെത്തി
text_fieldsഫറോക്ക്: ടിപ്പു കോട്ടയിൽ പുരാവസ്തു വകുപ്പ് നടത്തുന്ന ഉത്ഖനനത്തിൽ തിങ്കളാഴ്ച ഇംഗ്ലണ്ട് നിർമിത ചെമ്പ് നാണയം ലഭിച്ചു. സംരക്ഷണമില്ലാതെ നാശത്തിെൻറ വക്കിലെത്തിയ ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ പുരാവസ്തു വകുപ്പ് സർവേ നടപടികൾ പുരോഗമിക്കുകയാണ്. ഹൈകോടതി ഉത്തരവിനെ തുടർന്ന് കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഉദ്യോഗസ്ഥനും പുരാവസ്തു വകുപ്പ് സർവേ ഫീൽഡ് അസിസ്റ്റൻറുമായ കെ. കൃഷ്ണരാജിെൻറ നേതൃത്വത്തിലാണ് സർവേ നടപടികൾ തുടരുന്നത്.
സംരക്ഷിതസ്മാരകത്തിലെ ചരിത്രവസ്തുക്കൾ കേടുവരാതെ സംരക്ഷിക്കാനും കോട്ടയിലെ 5.61 ഏക്കർ ഭൂമിയിലെ ഉത്ഖനന സാധ്യത പരിശോധിച്ച് പര്യവേക്ഷണം നടത്താനുമുള്ള അനുമതിയാണ് പുരാവസ്തുവകുപ്പിന് കോടതി നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിലാണ് പുരാവസ്തുവകുപ്പ് സംഘം കോട്ടയിൽ എത്തിയത്. ഒക്ടോബർ ഒമ്പത് മുതൽ ഫറോക്കിലെ ടിപ്പു കോട്ടയിൽ ഉത്ഖനനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് പാത്ര കഷണവും ദ്രവിച്ച ഒരു ചെമ്പ് നാണയവും നാണയം അടിച്ചിറക്കിയതിെൻറ തെളിവുകളും ലഭിച്ചിരുന്നു. ഭീമൻ കിണർ, വാച്ച് ടവർ എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിൽ ഉത്ഖനനം നടത്തുമെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മലബാറിെൻറ ഭരണസിര കേന്ദ്രമാക്കുന്നതിനുവേണ്ടി ടിപ്പു സുൽത്താൻ ഫറോക്കിൽ പണിതീർത്തതായിരുന്നു ഈ കോട്ട. ഏതാണ്ട് 1500 പേർ രണ്ടര വർഷക്കാലം പണിചെയ്താണ് കോട്ട നിർമിച്ചതെന്നു പറയപ്പെടുന്നു. പാറമുക്ക് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് ഫറൂഖാബാദ് എന്ന പേരും നൽകിയിരുന്നു ടിപ്പു സുൽത്താൻ. 1788 ൽ ആയിരുന്നു കോട്ടയുടെ നിർമാണം. ടിപ്പുവിെൻറ പിൻവാങ്ങലിനുശേഷം കോട്ട ബ്രിട്ടീഷുകാരുടെ അധീനതയിലായി. എട്ട് ഏക്കറോളം വരുന്ന കോട്ടയും സ്ഥലവും ബ്രിട്ടീഷുകാർ പിന്നീട് കോമൺവെൽത്ത് ട്രസ്റ്റിനു കൈമാറി. കോംട്രസ്റ്റിൽ നിന്നാണ് സ്ഥലം സ്വകാര്യ വ്യക്തികളുടെ കൈവശത്തിലായത്.
ഇതിനിടക്ക് കോട്ടയിലെ പീരങ്കിത്തറ, വാച്ച് ടവർ, കിടങ്ങുകൾ, കൽപടവുകളോടു കൂടിയ ഭീമൻ കിണറിെൻറ കൽക്കാലുകൾ തുടങ്ങിയവയെല്ലാം നശിപ്പിക്കപ്പെട്ടു. പലതും മോഷണം പോയി. 1991ലാണ് ടിപ്പുകോട്ട പുരാവസ്തു സ്മാരകമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.
ചരിത്ര സ്മാരകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫറോക്കിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ കൾചറൽ കോഓഡിനേഷൻ കൗൺസിൽ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോട്ടയും അനുബന്ധ ചരിത്രാവശിഷ്ടങ്ങളും സംരക്ഷിക്കാനും കൂടുതൽ പര്യവേഷണങ്ങൾ നടത്താനും കഴിഞ്ഞ മേയ് 19ന് ഹൈകോടതി ഉത്തരവിടുകയാണുണ്ടായത്. ടിപ്പു സുൽത്താൻ കോട്ടയിൽ ചരിത്ര പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നതാണ് ഫറോക്ക് കൾച്ചറൽ കോഓഡിനേഷൻ കൗൺസിലിെൻറ പ്രധാന ആവശ്യം.
ചരിത്ര വിദ്യാർഥികൾക്കും ഗവേഷകർക്കും കോട്ട സന്ദർശിക്കാൻ അനുവാദം നൽകണമെന്ന ആവശ്യം യുവകല സാഹിതി ബേപ്പൂർ മണ്ഡലം കമ്മിറ്റിയും മുന്നോട്ടുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.