ഫറോക്ക് ഇ.എസ്.ഐ ആശുപത്രി; ഐ.സി.യുവും അലക്കുയന്ത്രവും പ്രവർത്തിക്കാതായിട്ട് വർഷങ്ങളായി
text_fieldsഫറോക്ക്: ഇ.എസ്.ഐ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച അലക്കുയന്ത്രം നിശ്ശബ്ദമായിട്ട് മൂന്നു വർഷം. 2019ൽ അന്നത്തെ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഇത് ഉദ്ഘാടനം ചെയ്തത്. കഷ്ടിച്ച് ഒരു മാസം മാത്രമാണ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച യന്ത്രം പ്രവർത്തിച്ചത്.
യന്ത്രത്തിന്റെ വയറുകൾ എലി കടിച്ചതിനാലാണ് അലക്കുയന്ത്രം പ്രവർത്തിക്കാത്തതിന് കാരണമായി പറയുന്നത്. 100 കിടക്കകളുള്ള ആശുപത്രിയിലെ തുണികൾ അലക്കുന്നതിനാണ് കോർപറേഷൻ അലക്കുയന്ത്രം അനുവദിച്ചത്. 60 കിലോ തുണികൾ ഒരു ഘട്ടത്തിൽ യന്ത്രത്തിൽ അലക്കാം. യന്ത്രം പ്രവർത്തിപ്പിക്കണമെങ്കിൽ ചുരുങ്ങിയത് 35 കിലോ തുണി വേണം.
എന്നാൽ, ഇത്തരത്തിൽ തുണിയെത്താൻ ആശുപത്രിയിൽ അഞ്ചു ദിവസം എടുക്കും. അതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണയാണ് പ്രവർത്തിച്ചിരുന്നത്. കോവിഡ് കാലഘട്ടത്തിൽ കോവിഡ് ആശുപത്രിയാക്കിയതോടെ അലക്കുയന്ത്രം സ്ഥാപിച്ച സ്ഥലം റെഡ് അലർട്ടായി. അതുകൊണ്ട് ആരും പോയിനോക്കിയില്ലെന്നും ആ സമയത്ത് യന്ത്രത്തിന്റെ വയറുകൾ എലി തിന്നുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
മാത്രമല്ല, യന്ത്രം പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതിയുടെ അപര്യാപ്തതയും ഉണ്ടായതായി പറയുന്നു. എന്നാൽ, സമയാസമയത്ത് അറ്റകുറ്റപ്പണി നടത്തുന്നതിൽ അധികൃതരുടെ ഭാഗത്ത് വന്ന വീഴ്ചയാണ് ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച അലക്കുയന്ത്രം നിശ്ശബ്ദമായതിനു പിന്നിലെന്ന് ഇ.എസ്.ഐ ഗുണഭോക്താക്കൾ പറയുന്നത്.
കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഏക ആശ്രയകേന്ദ്രമായ ഇ.എസ്.ഐ റഫറൽ ആശുപത്രി, അധികൃതരുടെ പിടിപ്പുകേടിന്റെ പര്യായമായിരിക്കുകയാണെന്ന വ്യാപക പരാതിയുണ്ട്. ആശുപത്രിയിലെ ഐ.സി.യുവിന്റെ അവസ്ഥയിലേക്കു തന്നെയാണ് അലക്കുയന്ത്രത്തിന്റെയും സ്ഥിതി. ഐ.സി.യു രണ്ടു തവണയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞിട്ടും ജീവനക്കാരില്ലാത്തതിനാൽ അടഞ്ഞുകിടക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.