ഫാറൂഖ് കോളജിന് 75 വയസ്സ്: 75 കുടകളുടെ വർണപ്പൊലിമയിൽ സ്മൃതിയാത്ര
text_fieldsഫറോക്ക്: മലബാറിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് വെളിച്ചമായ ഫാറൂഖ് കോളജ് പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് തലമുറകളെ അണിനിരത്തി വർണാഭ സ്മൃതിയാത്ര. 75 വർണക്കുടകൾ അണിനിരന്ന ഘോഷയാത്ര പൈതൃക സ്മരണയുടെ നേർക്കാഴ്ചയായി. കോളജ് ജന്മമെടുത്ത ഫറോക്ക് ചുങ്കത്തെ മുന്നിലകം തറവാട്ടിൽനിന്ന് മൂന്ന് കി.മീ അകലെയുള്ള കോളജ് സ്ഥിതിചെയ്യുന്ന ഇരുമൂളിപ്പറമ്പിലെ കാമ്പസിലേക്ക് ‘ഫോസ’ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്മൃതി യാത്ര.
സ്വയംഭരണ കലാലയമായി വളർന്ന കോളജിന്റെ ആഘോഷയാത്രയിൽ പൂർവ വിദ്യാർഥികൾ, വിദ്യാർഥികൾ, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു. ശിങ്കാരിമേളവും അകമ്പടിയായി. ഒരു വർഷം നീണ്ട ആഘോഷ പരിപാടികൾക്ക് ഞായറാഴ്ചയാണ് സമാപനം.
അസി. കമീഷണർ എ.എം. സിദ്ധീഖ് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻറ് ഹാസിഫ് പുളിയാളി അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. അയിഷ സ്വപ്ന, എൻ.കെ. മുഹമ്മദാലി, കളത്തിങ്ങൽ ഫാരിസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ജനറൽ സെക്രട്ടറി സി.പി. അബൂബക്കർ സ്വാഗതവും കെ.പി. അതിയ നന്ദിയും പറഞ്ഞു.
സ്മൃതിയാത്രയെ കോളജ് അങ്കണത്തിൽ പ്രിൻസിപ്പലിന്റെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. ഫോസ (സെൻട്രൽ) പ്രസിഡന്റ് കെ. കുഞ്ഞലവി പതാക ഉയർത്തി. ജില്ല കമ്മിറ്റി പുറത്തിറക്കിയ ഫാറൂഖ് ഓർമകൾ, അനുഭവങ്ങൾ മാഗസിൻ കവർ പ്രകാശനം പ്രിൻസിപ്പൽ അയിഷ സ്വപ്ന നിർവഹിച്ചു.
സി.പി.എ സലാം അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ കെ. കുട്ട്യാലിക്കുട്ടി, പ്രഫ. യൂസഫലി എന്നിവർ സംസാരിച്ചു. ട്രഷറർ കെ. മുഹമ്മദ് ബഷീർ സ്വാഗതവും വൈസ് പ്രസിഡന്റ് പി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.