ആത്മഹത്യമുനമ്പായി ഫറോക്ക് പുതിയ പാലം; വയർനെറ്റ് സ്ഥാപിക്കണമെന്ന് പൊലീസ് ശിപാർശ
text_fieldsഫറോക്ക്: സൂയിസൈഡ് പോയന്റായി മാറിയ ദേശീയപാതയിലെ പുതിയ പാലത്തിന്റെ ഇരുഭാഗങ്ങളിലും വയർനെറ്റ് സ്ഥാപിച്ച് നിരന്തരമായുള്ള ആത്മഹത്യ പ്രവണതകൾ ചെറുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ ഉന്നതാധികാരികൾക്ക് റിപ്പോർട്ട് നൽകി.
പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള കൈവരി വെറും നാല് അടി ഉയരമേയുള്ളൂ. അതിനാൽ പെട്ടെന്ന് പുഴയിലേക്കെടുത്ത് ചാടാമെന്നതും ആത്മഹത്യക്കായി എത്തുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതായി കണക്കുകളിൽ വ്യക്തമാണ്. ദൂരെ ദിക്കുകളിൽനിന്നുപോലും ജീവൻ അവസാനിപ്പിക്കാൻ ചാലിയാർ ലക്ഷ്യംവെച്ച് ആളുകൾ പുതിയ പാലത്തിൽ എത്തുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 50ഓളം മരണങ്ങൾക്ക് പാലം സാക്ഷ്യംവഹിച്ചിട്ടുണ്ട്. ആത്മഹത്യയിൽനിന്ന് പിന്തിരിയാൻ ഏതാനും നിമിഷങ്ങൾ മതി. അവിടെയാണ് നമ്മൾ ഉണരേണ്ടതെന്നും പൊലീസ് ഉദ്യോഗസ്ഥൻ അധികാരികൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
റെയിൽവേ മേൽപാലങ്ങളിൽ പാളങ്ങളിലേക്കെടുത്ത് ചാടാതിരിക്കാൻ റെയിൽവേയും ഇത്തരം ഇരുമ്പ് നെറ്റ് നിർമിച്ചിട്ടുണ്ട്. വെയിലും മഴയും ഏറ്റാലും വയർനെറ്റ് ആകുമ്പോൾ തുരുമ്പെടുക്കില്ല. പാലത്തിൽനിന്നുള്ള അവസാനത്തെ ആത്മഹത്യ ശ്രമം നവദമ്പതികളുടേതായിരുന്നു. മലപ്പുറം ജില്ലക്കാരായ ഇരുവരും പുതിയ പാലം തിരഞ്ഞെടുത്ത് എത്തുകയായിരുന്നു. രക്ഷാദൗത്യത്തിൽ ഭാര്യക്ക് ജീവൻ തിരിച്ചുകിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.