ഞെളിയൻപറമ്പിൽ വീണ്ടും തീപിടിത്തം; മാലിന്യം പുകഞ്ഞത് അഞ്ചു മണിക്കൂർ
text_fieldsഫറോക്ക്: ഞെളിയൻപറമ്പിൽ കോർപറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം. മാലിന്യക്കൂമ്പാരത്തിൽ ശനിയാഴ്ച രാവിലെ 8.30ഓടു കൂടിയാണ് തീ പുകഞ്ഞത്. മേൽക്കൂരക്ക് കീഴിൽ കൂട്ടിയിട്ട ജൈവ മാലിന്യത്തിൽ പുകഞ്ഞുകയറിയ തീ ഉച്ചക്ക് 1.30ഓടെയാണ് അണക്കാനായത്.
കോർപറേഷന്റെ വലിയ എക്സ്കവേറ്റർ ഉപയോഗിച്ച് മാലിന്യം ഇളക്കിമറിച്ച് വെള്ളമടിച്ച് കയറ്റിയാണ് തീയണച്ചത്. 4500 ലിറ്റർ കൊള്ളുന്ന 20 ടാങ്ക് വെള്ളമെങ്കിലും അടിച്ചതായി കരുതുന്നു. മാലിന്യത്തിൽനിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപെട്ട ഉടൻ ജീവനക്കാർ ഫയർ സർവിസിൽ അറിയിക്കുകയായിരുന്നു. ഏക്കർ കണക്കിനു പരന്നു കിടക്കുന്ന പറമ്പിനകത്ത് മുമ്പ് സൂക്ഷിച്ച കൂമ്പാരത്തിനാണ് ശനിയാഴ്ച തീപിടിത്തമുണ്ടായത്.
മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ എം.കെ. പ്രമോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഫൈസി, സീനിയർ അഗ്നി രക്ഷാസേന ഓഫിസർ പി.സി. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
അഗ്നി രക്ഷാസേന ഓഫിസർമാരായ കെ.എം. ജിഗേഷ്, കെ.കെ. നദീം, ടി. രഞ്ജിത്ത്, പി. ബിനീഷ്, ഓഫിസർ ട്രെയിനികളായ കെ. ഐശ്വര്യ, ആർ. ഉണ്ണിമായ, സി.കെ. അശ്വിനി, ജെ.എസ്. അഭിൻ, യു. അതുൽ, അശ്വിൻ എം. മലയിൽ, എസ്.എസ്. ഹൃതിൻ, ഹോം ഗാർഡുമാരായ എൻ.വി. റഹീഷ്, എസ്.പി. മനോഹരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾ പ്രസക്തം
കോഴിക്കോട്: ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടാകാതിരിക്കാനും ജനങ്ങളുടെ ജീവനും ആരോഗ്യത്തിനുമുള്ള ഭീഷണി ഒഴിവാക്കുന്നതിനുമായി ബന്ധപ്പെട്ട നിർദേശങ്ങളുമായി ഉദ്യോഗസ്ഥർക്ക് നേരത്തേ ജില്ല കലക്ടർ ഉത്തരവിറക്കിയതാണ്.
മാലിന്യ സംസ്കരണ കേന്ദ്രത്തിനു ചുറ്റും അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ വിന്യസിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിനായി ഏകദേശം അഞ്ച് മീറ്റർ വീതിയിൽ സൗകര്യം ഒരുക്കണമെന്നും കോർപറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. മാലിന്യ ക്കൂമ്പാരത്തിന്റെ ഉയരം പരമാവധി ആറ് മീറ്ററിൽ തന്നെ നിജപ്പെടുത്തണം.
മാലിന്യ ക്കൂമ്പാരങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്നര മീറ്റർ വീതിയിൽ അകലവും നൽകേണ്ടതാണ്. ഓരോ മാലിന്യക്കൂമ്പാരവും സെഗ്രിഗേറ്റ് ചെയ്ത് നിർത്തേണ്ടതാണ്. സെഗ്രിഗേറ്റ് ചെയ്ത പ്ലാസ്റ്റിക് കൂമ്പാരങ്ങളുടെ നടുവിലായി അഞ്ച് മീറ്റർ വീതിയിൽ അഗ്നിരക്ഷാ വാഹനങ്ങൾക്ക് കടന്നു പോകുന്നതിനുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കണമെന്നും കലക്ടർ നിർദേശിച്ചിരുന്നു.
വെള്ളം പമ്പ് ചെയ്യുന്നതിന് ഫിക്സഡ് ഫയർ ഫൈറ്റിങ് ഇൻസ്റ്റലേഷൻ, അണ്ടർ ഗ്രൗണ്ട് ടാങ്ക്, ഇലക്ട്രിക് പമ്പ്, ഡീസൽ പമ്പ്, എന്നിവ സ്ഥാപിക്കുകയും ചുറ്റിലും ഹൈഡർ ലൈൻ സ്ഥാപിക്കാനും നിർദേശമുണ്ട്.
ചെറുവണ്ണൂർ, ഞെളിയൻ പറമ്പ് ഭാഗങ്ങളിൽ പട്രോളിങ് നടത്തുന്നതിനിടെ മാലിന്യ സംസ്കരണ കേന്ദ്രത്തിലും പരിശോധന നടത്തേണ്ടതാണെന്ന് കോഴിക്കോട് സിറ്റി ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. മേൽപറഞ്ഞ കാര്യങ്ങൾ കാര്യക്ഷമമാണോ എന്ന് അഗ്നി രക്ഷാസേന പരിശോധിക്കേണ്ടതാണെന്നും നിർദേശം.
കൗൺസിലർമാർക്ക് നോട്ടീസ് ലഭിച്ചു
കോഴിക്കോട്: നാളിതുവരെ ഞെളിയൻ പറമ്പ് വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇടത് ഭരണ സമിതി കെടുകാര്യസ്ഥതയും അഴിമതിയും കാണിച്ചതിന് ഞെട്ടിപ്പിക്കുന്ന തെളിവാണ് 2016-17 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പരാമർശമെന്നും കോർപറേഷൻ ഫണ്ട് നിയമാനുസൃതമല്ലാതെ 2.52 കോടി നഷ്ടം വരുത്തിയെന്ന് കാണിച്ച് അന്നത്തെ കൗൺസിൽ അംഗങ്ങളിൽ ഓരോരുത്തരും 3.27 ലക്ഷം ഈടാക്കാനുള്ള ഓഡിറ്റ് ജോയന്റ് ഡയറക്ടറുടെ നോട്ടീസ് ലഭിച്ചുവെന്നും യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
16-17 കാലത്തെ സംസ്ഥാന ഓഡിറ്റ് വകുപ്പ് തയാറാക്കിയ ഓഡിറ്റ് റിപ്പോർട്ടിൽ കോർപറേഷൻ ഫണ്ടിൽ നിന്ന് 2,5245471 രൂപ നഷ്ടപ്പെട്ടതിനാണ് അന്ന് കോർപറേഷൻ കൗൺസിലർമാരായിരുന്ന 75 പേരിൽ നിന്നും രണ്ട് സെക്രട്ടറിമാരിൽ നിന്നും തുല്യ സംഖ്യ വീതം ഈടാക്കാൻ തീരുമാനിച്ചത്.
ഇത് പ്രകാരമാണ് അക്കാലത്തെ കൗൺസിലർമാർക്ക് ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറകട്ർ സർച്ചാജ് നോട്ടീസ് പുറപ്പെടുവിച്ചത്. ഓരോ കൗൺസിലറും 3,27,863 രൂപ വീതം നൽകണമെന്ന് കാണിച്ചാണ് നോട്ടീസ്. രണ്ട് മാസത്തിനകം പണം നൽകണമെന്നാണ് നിർദേശം. ജനപ്രതിനിധി സഭയുടെ തീരുമാനത്തിന് അംഗങ്ങളിൽ നിന്ന് പണം ഈടാക്കുന്നത് അപൂർവമാണ്.
സംശയകരം, ഫോറൻസിക് പരിശോധന വേണം -യു.ഡി.എഫ്
കോഴിക്കോട്: അന്തരീക്ഷ ഊഷ്മാവ് 24 ഡിഗ്രി സെൽഷ്യസ് മാത്രമുള്ള മഴക്കാലത്തെ തീപിടിത്തം ദുരൂഹമാണെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് യു.ഡി.എഫ് കൗൺസിലർമാരുടെ സംഘം ഞെളിയൻ പറമ്പ് സന്ദർശിച്ചു. ഇക്കാര്യത്തിൽ ഫോറൻസിക് പരിശോധന നടത്തണം. രണ്ട് വർഷമായി ജൈവ മാലിന്യം കൂട്ടിയിട്ട ഷെഡിലാണ് തീ പുകഞ്ഞ് കത്തിയത്.
ലക്ഷങ്ങൾ നിക്ഷേപിക്കുന്ന പ്രവൃത്തികൾ ഞെളിയൻ പറമ്പിൽ നടത്തിയിട്ടും മാറ്റമില്ല. മാരക പുക പടലങ്ങൾ പരിസരമാകെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മാലിന്യത്തിൽ വളം ഉണ്ടാക്കുന്നതിന് പുതുതായി രംഗത്തുവന്ന ബ്ലാക്പ്ലെ എന്ന സ്ഥാപനം സ്വന്തം ചെലവിൽ 75 ലക്ഷം ചെലവിട്ട് മിഷനറി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കനത്ത മഴയിൽ ഷെഡ് ചോർന്നൊലിച്ച് പ്രവർത്തനം അനിശ്ചിതമായി നിലച്ചു. കെ. മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ, കെ.പി. രാജേഷ് കുമാർ എന്നിവരും യു.ഡി.എഫ് സംഘത്തിലുണ്ടായി.
പരിസരവാസികൾക്ക് ആശങ്ക
കോഴിക്കോട്: അടിക്കടിയുണ്ടാകുന്ന തീപിടിത്തത്തിൽ പരിസരവാസികൾ ആശങ്കാകുലരാണ്. കടുത്ത ദുർഗന്ധവും പുകയും സഹിക്കാവുന്നതിലുമപ്പുറമാണ്. ചുറ്റുമതിലിനുള്ളിൽ സ്ഥിതി ചെയ്യുന്ന പറമ്പിനകത്തേക്ക് പ്രവേശിക്കാൻ ആരെയും സമ്മതിക്കില്ല.
എന്നിട്ടും ഇടക്കിടെ തീപിടിക്കുന്നതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. അതിശക്തമായ മഴയത്തായിരുന്നു ശനിയാഴ്ചത്തെ തീപിടിത്തം. ടൺ കണക്കിന് മാലിന്യം സൂക്ഷിച്ചിരിക്കുന്ന പറമ്പിൽ ശക്തമായ തീപിടിത്തമുണ്ടായാൽ വൻ ദുരന്തത്തിന് വഴിവെച്ചേക്കുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.